പത്തനംതിട്ടയില് മര്ദനമേറ്റ അഞ്ച് വയസ്സുകാരി മരിച്ചു; രണ്ടാനച്ഛന് കസ്റ്റഡിയില്

പത്തനംതിട്ട കുമ്പഴയിൽ മർദനത്തെ തുടർന്ന് അഞ്ച് വയസ്സുകാരി മരിച്ചു. രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. രണ്ട് ദിവസമായി കുട്ടിക്ക് മർദനമേറ്റതായി അമ്മ പൊലീസിന് മൊഴി നൽകി.

കുറച്ച് സമയം മുന്‍പാണ് കുട്ടിയുമായി അമ്മയും സമീപവാസികളും ആശുപത്രിയിലെത്തിയത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ ശരീരത്തില്‍ രണ്ട് ദിവസം പഴക്കമുള്ള മുറിവുകള്‍ കണ്ടെത്തി. കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. മദ്യപാനിയായ ഇയാളുടെ മര്‍ദനമേറ്റാണ് കുട്ടി മരിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അമ്മ മാനസികമായി തളര്‍ന്നിരിക്കുന്നതിനാല്‍ വിശദമായ മൊഴിയെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

കുട്ടിയെ എത്തിച്ച സമീപവാസികള്‍ പറയുന്നത് കുട്ടിയുടെ രണ്ടാനച്ഛന്‍ പതിവായി മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുന്ന വ്യക്തിയാണെന്നാണ്. വീട്ടുജോലി ചെയ്താണ് ഇവര്‍ ജീവിക്കുന്നത്. അമ്മ വീട്ടുജോലിക്ക് പോയ സമയത്താണ് കുട്ടിക്ക് മര്‍ദനമേറ്റത്. സമീപത്തെ കടയിലെ ജീവനക്കാരുടെ സഹായത്തോടെയാണ് അമ്മ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കൂടുതല്‍ ചോദ്യംചെയ്യലും പരിശോധനയും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ആരാണ് പ്രതി എന്ന് വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.Share via
Copy link
Powered by Social Snap