പത്തു ലക്ഷത്തിലേറെ ടെസ്റ്റുകൾ, അമ്പതിനായിരത്തിൽ താഴെ കേസുകൾ

ന്യൂഡൽഹി: ഇന്നു രാവിലെ പുതുക്കിയ കണക്കുപ്രകാരം അവസാന 24 മണിക്കൂറിൽ രാജ്യത്തു പുതുതായി  സ്ഥിരീകരിച്ചത് 45,576 കൊവിഡ് കേസുകളാണ്. 10.28 ലക്ഷത്തിലേറെ സാംപിളുകൾ പരിശോധിച്ചപ്പോഴാണിത്. രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് കേസുകൾ 89.58 ലക്ഷത്തിലെത്തിയിട്ടുണ്ട്. രോഗമുക്തരായവർ 83.83 ലക്ഷമായി. ദേശീയ റിക്കവറി നിരക്ക് 93.58 ശതമാനം.

ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചത് 585 പേരാണ്. ഇതോടെ മരണസംഖ്യ 1,31,578 ആയിട്ടുണ്ട്. തുടർച്ചയായി ഒമ്പതാം ദിവസവും ആക്റ്റിവ് കേസുകൾ അഞ്ചു ലക്ഷത്തിൽ താഴെയാണ്- 4,43,303. മൊത്തം കേസ് ലോഡിന്‍റെ 4.95 ശതമാനമായി ആക്റ്റിവ് കേസുകൾ കുറഞ്ഞു. മരണ നിരക്ക് 1.47 ശതമാനമായി തുടരുകയാണ്.  

7,400ലേറെ പുതിയ കേസുകളും 131 മരണവുമായി ഡൽഹി രോഗവ്യാപനത്തിന്‍റെ രൂക്ഷതയിൽ മുന്നിൽ തുടരുന്നു. കേരളത്തിൽ 6,419 പുതിയ കേസുകളാണു കണ്ടെത്തിയത്. ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനത്തിലേറെയാണെങ്കിൽ കേരളത്തിൽ അത് 9.53 ശതമാനമാണ്. 28 പേർ കൂടി മരിച്ച കേരളത്തിൽ ഇതുവരെയുള്ള കൊവിഡ് മരണസംഖ്യ 1,943ൽ എത്തിയിട്ടുണ്ട്. ഡൽഹിയിൽ എണ്ണായിരത്തിന് അടുത്തെത്തി ഇതുവരെയുള്ള കൊവിഡ് മരണം.

മഹാരാഷ്ട്രയിൽ നൂറും പശ്ചിമ ബംഗാളിൽ അമ്പത്തിനാലും പേരാണ് അവസാന 24 മണിക്കൂറിൽ മരിച്ചത്. പഞ്ചാബിൽ 31, ഹരിയാനയിൽ 30, ഉത്തർപ്രദേശിൽ 29, ഛത്തിസ്ഗഡിൽ 23, കർണാടകയിൽ 21 പേർ വീതം മരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഇതുവരെയുള്ള മരണസംഖ്യ 46,202 ആയി. കർണാടകയിൽ 11,578, തമിഴ്നാട്ടിൽ 11,531, ഡൽഹിയിൽ 7,943, പശ്ചിമ ബംഗാളിൽ 7,820, ഉത്തർപ്രദേശിൽ 7,441, ആന്ധ്രപ്രദേശിൽ 6,899, പഞ്ചാബിൽ 4,541, ഗുജറാത്തിൽ 3,823 എന്നിങ്ങനെയാണ് ഇതുവരെയുള്ള മരണസംഖ്യ. 

Share via
Copy link
Powered by Social Snap