പന്ത്രണ്ടു വയസുളള ബാലികയെ പീഡിപ്പിച്ചയാള് പിടിയില്

ശാസ്താംകോട്ട:  പന്ത്രണ്ടു വയസുളള ബാലികയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ആളെ ശാസ്താംകോട്ട പൊലീസ് പിടികൂടി. കടമ്പനാട് സ്വദേശി ഹരിചന്ദ്രനെ മാറനാട് മലയില്‍ നിലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കടമ്പനാട് തുവയൂര്‍ സ്വദേശിയാണ് നാട്ടുകാര്‍ കുട്ടപ്പന്‍ എന്നു വിളിക്കുന്ന ഹരിചന്ദ്രന്‍. 

ശാസ്താംകോട്ടയില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പന്ത്രണ്ടു വയസു മാത്രമുളള പെണ്‍കുട്ടിയോടായിരുന്നു ഹരിച്ഛന്ദ്രന്‍റെ ക്രൂരത. ഈ മാസം 18നായിരുന്നു സംഭവം. വാടകയ്ക്ക് താമസിക്കാനായി എത്തിയ കുടുംബത്തിന്‍റെ സഹായിയായി ഒപ്പം കൂടുകയായിരുന്നു ഇയാള്‍. വീട്ടുസാമഗ്രികള്‍ വാഹനത്തില്‍ നിന്ന് ഇറക്കാനും മറ്റും സഹായിച്ചു. വീട്ടിലെ സാഹചര്യങ്ങള്‍ മനസിലാക്കിയ ശേഷം മടങ്ങിയ ഹരിച്ഛന്ദ്രന്‍ രാത്രി ഒരു മണിയോടെ വീണ്ടും എത്തുകയായിരുന്നു. 

പെണ്‍കുട്ടി ഉറങ്ങുന്ന മുറിയുടെ വാതില്‍ പുറത്തു നിന്ന് തുറന്ന് അകത്ത് കയറിയാണ് കുട്ടിയെ ഉപദ്രവിച്ചത്. രാത്രി ആയതിനാല്‍ ഉപദ്രവിച്ച ആളെ തിരിച്ചറിയാന്‍ കുട്ടിക്ക് കഴിഞ്ഞില്ല. എന്നാല്‍ സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് മുറ്റത്ത് പതിഞ്ഞിരുന്ന കാല്‍പാടുകള്‍ വിലയിരുത്തിയാണ് പ്രതി ഹരിചന്ദ്രനാണെന്ന് കണ്ടെത്തിയത്. 

പൊലീസ് തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയതോടെ മുങ്ങിയ പ്രതിയെ മാറനാട് മലയില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് പിടികൂടിയത്. ശാസ്താംകോട്ട എസ്.ഐ.അനീഷിന്‍റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share via
Copy link
Powered by Social Snap