പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള് കൂടി കേന്ദ്രസര്ക്കാര് നിരോധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൂടുതല്‍ ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. പബ്ജി ഗെയിം അടക്കമുള്ള 118 ആപ്പുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ടിക്ക് ടോക്ക് അടക്കം 59 ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് കൂടുതല്‍ ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും വ്യക്തിവിവര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 118 ആപ്പുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. ജനപ്രിയ ഗെയിം ആപ്പ് ആയ പബ്ജി, കാംകാര്‍ഡ്, ബെയ്ഡു, കട് കട്, ട്രാന്‍സെന്‍ഡ് എന്നിങ്ങനെയുള്ള ആപ്പുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഐ.ടി. മന്ത്രാലയവും ചേര്‍ന്നാണ് ആപ്പുകളുടെ വിവര ശേഖരണവും നിരീക്ഷണവും പരിശോധനയും നടത്തിയത്. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കൂടുതല്‍ ആപ്പുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചത്. രാജ്യ സുരക്ഷയ്ക്കുതന്നെ ഭീഷണിയുയര്‍ത്തുന്ന നീക്കങ്ങള്‍ ഈ ആപ്പുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

ടിക് ടോക്, ഷെയര്‍ ഇറ്റ്, ഹലോ, ക്ലബ്ബ് ഫാക്ടറി, വി ചാറ്റ്, കാംസ്‌കാനര്‍, ക്ലാഷ് ഓഫ് കിങ്‌സ്, എം.ഐ. കമ്യൂണിറ്റി തുടങ്ങിയവയടകക്കം 59 ആപ്പുകള്‍ക്കാണ് നേരത്തെ പ്രവര്‍ത്തന നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഇവ ഉപഭോക്താക്കളുടെ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്തുന്നതായും വിദേശത്തുള്ള സെര്‍വറുകള്‍ക്ക് അനധികൃതമായി കൈമാറുന്നതായും പരാതിയുയര്‍ന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ നടപടി.

Share via
Copy link
Powered by Social Snap