പരാതി കേൾക്കാൻ അദാലത്തുമായി കളക്ടർ ഓൺലൈനിൽ

പൊതുജനങ്ങളുടെ പരാതി കേൾക്കാൻ ഓൺലൈനിലൂടെ അദാലത്ത് സംഘടിപ്പിച്ചു ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ. കോവിഡിന്റെ പശ്ചാത്തലത്തിലാണു പരാതി പരിഹാര അദാലത്ത് പൂർണമായി ഓൺലൈൻ മുഖേനയാക്കിയത്. ഇന്നലെ (ഓഗസ്റ്റ് 01) നെടുമങ്ങാട് താലൂക്കിൽ നടത്തിയ ഓൺലൈൻ അദാലത്തിൽ 183 പരാതികൾ സ്വീകരിച്ചു. 45 എണ്ണം തീർപ്പാക്കി. സർക്കാർ സേവനം ജനങ്ങളുടെ സമീപത്തെത്തിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണു മാസത്തിന്റെ ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ താലൂക്ക് അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അദാലത്ത് സംഘടിപ്പിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇതു പൂർണമായി ഓൺലൈനിലേക്കു മാറ്റാൻ തീരുമമാനിക്കുകയായിരുന്നു. താലൂക്ക് പരിധിലെ പത്ത് അക്ഷയ കേന്ദ്രങ്ങളെ ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിനും ജില്ലാ കളക്ടറുമായുള്ള ആശയ വിനിമയത്തിനും തെരഞ്ഞെടുത്തു. ലഭിച്ച അപേക്ഷകളുടെ പ്രാധാന്യമനുസരിച്ച് 28 അപേക്ഷകരെ കളക്ടറുമായി നേരിട്ട് ആശയ വിനിമയത്തിനു തെരഞ്ഞെടുത്തു. ഇവർക്കെല്ലാം ടൈം സ്ലോട്ടുകൾ നൽകി. ജില്ലാ കളക്ടർ ഈ അപേക്ഷകരെ വിശദമായി കേട്ടു പരാതികളിൽ തീർപ്പുണ്ടാക്കി. പരാതികളിൽ അടിയന്തര തീരുമാനമെടുക്കുന്നതിനു ജില്ലാ, താലൂക്ക് തല ഉദ്യോഗസ്ഥർ വിവിധ ഓഫിസുകളിൽനിന്ന് ഓൺലൈൻ മുഖേന അദാലത്തിൽ പങ്കെടുത്തു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ തീർപ്പുണ്ടാക്കുന്നതിനായി താലൂക്ക് പരിധിയിലെ വില്ലേജ് ഓഫിസർമാർ അതാത് ഓഫിസുകളിൽ എത്തിയിരുന്നു. തീർപ്പാക്കാൻ ബാക്കിയുള്ള പരാതികളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനു ബന്ധപ്പെട്ട വകുപ്പുകൾക്ക് അയച്ചുകൊടത്തതായി കളക്ടർ അറിയിച്ചു

Share via
Copy link
Powered by Social Snap