പാക് വിമാന ദുരന്തം: 82 മൃതദേഹങ്ങൾ കണ്ടെടുത്തു

കറാച്ചി: ജനവാസ കേന്ദ്രത്തിൽ തകർന്നുവീണ പാക്കിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ശനിയാഴ്ച പുലർച്ചെ വരെ 82 മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ പറഞ്ഞു. ചിറകുകൾ കത്തി വിമാനം ഇടിച്ചിറങ്ങിയതിനെത്തുടർന്ന് നിരവധി പ്രദേശവാസികൾക്കും പരുക്കേറ്റിട്ടുണ്ട്.

കണ്ടെടുത്ത മൃതദേഹങ്ങളിൽ ഇവരുമുണ്ടോ എന്നു വ്യക്തമായിട്ടില്ല. മൊബൈൽ ടവറിൽ ഇടിച്ച ശേഷമാണ് വീടുകൾക്കു മുകളിൽ വിമാനം തർന്നു വീണതെന്ന് ദുരന്തത്തിനു സാക്ഷികളായവർ പറയുന്നു.
99 യാത്രക്കാരും എട്ടു വിമാനജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. എട്ടു ജോലിക്കാർ ഉൾപ്പെടെ ആകെ 99 പേരാണ് ഉണ്ടായിരുന്നതെന്ന മറ്റൊരു റിപ്പോർട്ടും വരുന്നുണ്ട്. 31 സ്ത്രീകളും ഒമ്പതു കുട്ടികളും വിമാനത്തിലുണ്ടായിരുന്നു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ലാഹോറിൽ നിന്നു പറന്നുയർന്ന വിമാനം കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് ഒരു മിനിറ്റ് മുൻപാണ് തകർന്നു തൊട്ടടുത്തുള്ള മോഡൽ കോളനിക്കു സമീപം ജിന്ന ഗാർഡൻ ഏരിയയിൽ വീണത്. നിരവധി പേർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്.  പ്രദേശവാസികളായ ഡസൻകണക്കിനാളുകൾക്ക് പരുക്കേറ്റിട്ടുണ്ട്.

ഏറെ പേർക്കും പൊള്ളലേൽക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. 25 വീടുകളെങ്കിലും തകർന്നു. നിരവധി കാറുകൾക്കും കേടുപാടു സംഭവിച്ചു. നാലുപേരെയെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ നിന്നു ജീവനോടെ പുറത്തെത്തിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ. ബാങ്ക് ഒഫ് പഞ്ചാബ് പ്രസിഡന്‍റ് സഫർ മസൂദ് ഇവരിൽ ഉൾപ്പെടുന്നു.

വിമാനത്തിലെ പ്രീമിയം ഇക്കോണമി യാത്രക്കാരനായിരുന്നു സഫർ. ഇദ്ദേഹത്തിന് ഒടിവുകളുണ്ടെങ്കിലും ആരോഗ്യനില ആശങ്കാജനകമല്ല. ആശുപത്രിയിൽ നിന്ന് സഫർ അമ്മയെ ഫോണിൽ വിളിച്ചതായി ബാങ്ക് അധികൃതർ പറയുന്നു. പാക് പിഎസ് യു അർബൻ യൂണിറ്റ് സിഇഒ ഖാലിദ് ഷെർദിലും ജീവൻ രക്ഷിച്ചു. മറ്റു രണ്ടു യാത്രക്കാരായ അമ്മർ റഷീദും എൻജിനീയർ മുഹമ്മദ് സുബൈറും പരുക്കുകളോടെ സമീപമുളള ആശുപത്രിയിലുണ്ട്.

പാക്കിസ്ഥാനി മോഡൽ സറ അബിദ് വിമാനത്തിലുണ്ടായിരുന്നു. ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
വിമാനത്തിന്‍റെ ലാൻഡിങ് ഗിയറിന് തകരാർ സംഭവിച്ചതാണ് അപകടകാരണമെന്നാണു നിഗമനം. ലാൻഡിങ് ഗിയർ പ്രവർത്തിക്കുന്നില്ലെന്ന് ക്യാപ്റ്റൻ എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചതിനു പിന്നാലെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. കൊവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന വിമാന സർവീസുകൾ പാക്കിസ്ഥാൻ പരിമിതമായ തോതിൽ പുനരാരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിലാണു ദുരന്തം.