പാനൂർ പീഡനക്കേസ്; പോക്സോ വകുപ്പുകൾ ഇല്ലാതെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കുട്ടിയെ പത്മരാജൻ ശാരീരികമായി ഉപദ്രവിച്ചു എന്ന് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. പെൺകുട്ടിയുടെ മനോനില ശരിയല്ലാത്തതിനാൽ ഇപ്പോൾ പോക്സോ വകുപ്പുകൾ ചുമത്താൻ കഴിയില്ല. പ്രതിയുടെ ഫോൺ രേഖകൾ അടക്കമുള്ള ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ തുടരന്വേഷണം നടത്തി ലൈംഗിക ഉപദ്രവം തെളിഞ്ഞാൽ പോക്സോ വകുപ്പ് ചുമത്തും.
പെൺകുട്ടിയെ പത്മരാജൻ സ്കൂൾ ശുചിമുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നും പിന്നീട് പൊയിലൂരിലെ ഒരു വീട്ടിൽ കൊണ്ടു പോയി മറ്റൊരാൾക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നുമാണ് പരാതി. ആദ്യ ഘട്ടത്തിൽ അലസ സമീപനം സ്വീകരിച്ചിരുന്ന പൊലീസ് കടുത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരു മാസത്തിനു ശേഷം ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി സന്തോഷ് കുമാറാണ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ. കാസർഗോഡ് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ടി. മധുസൂദനൻ നായർ, വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.കെ രാധാകൃഷ്ണൻ എന്നിവരാണു പ്രത്യേക സംഘത്തിലെ മറ്റ് അംഗങ്ങൾ. ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.