പാലത്തായി കേസ്; ഐ.ജി എസ് ശ്രീജിത്തിനെതിരെ ബാലാവകാശ കമ്മീഷന് പരാതി

കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ത്ഥിയായ ബാലികയെ പീഡിപ്പിച്ച ബി.ജെ.പി നേതാവിനെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ച ക്രൈബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് പരാതി നല്‍കി. വിമന്‍ ഇന്ത്യാ മൂവ്‌മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് കെ.കെ റൈഹാനത്ത് ആണ് പരാതി നല്‍കിയത്. പ്രതിയെ സഹായിക്കുന്നതിന് കേസില്‍ ഇരയുടെ മൊഴി അവഗണിച്ച് പോക്‌സോ ചുമത്താതെ കുറ്റപത്രം സമര്‍പ്പിച്ചു. അതിനാലാണ് പ്രതിക്ക് ജാമ്യം ലഭിക്കാനിടയായത്. കേസിന്‍റെ ഏറ്റവും അടിസ്ഥാന രഹസ്യവിവരങ്ങള്‍ ഫോണ്‍ കോളിലൂടെ മറ്റൊരാള്‍ക്ക് കൈമാറി. ശ്രീജിത്തിന്‍റെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കപ്പെട്ട ഫോണ്‍ റെക്കോഡ് കൃത്യമായി പ്രതിയെ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ പുറത്ത് വിട്ടതാണ്. വോയിസ് റെക്കോര്‍ഡിങ്ങിലുടനീളം എസ് ശ്രീജിത്ത് ഔദ്യോഗിക രേഖകളുടെയും ഇരയുടെയും പ്രതിയുടെയും സാക്ഷിയുടെയും കേസിന്‍റെ രഹസ്യസ്വഭാവത്തിനു വിപരീതമായുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയിട്ടുള്ളത്. അന്വേഷണത്തിന്‍റെ തുടക്കം മുതല്‍ പൊലിസിന് വീഴ്ച നേരിട്ട കേസായിരുന്നിട്ടും ഐ.ജി യാതൊരു ഔദ്യോഗിക ഉത്തരവാദിത്തമോ രഹസ്യസ്വഭാവമോ കണക്കിലെടുക്കാതെയാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പോക്‌സോ കേസുമായി ബന്ധപ്പെട്ട ഇരയുടെ മൊഴിയും കേസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളുടെ വെളിപ്പെടുത്തലുകളും കേസിന്‍റെ തുടര്‍നടത്തിപ്പിലും അന്വേഷണത്തിലും സാരമായി ബാധിക്കുന്ന വിവരങ്ങളാണ് ഐ.ജി പുറത്തുവിട്ടത്. ഇത് ഔദ്യോഗിക കൃത്യവിലോപമാണ്. ഐ.ജി ശ്രീജിത്തിന്‍റെ ഗുരുതരമായ അച്ചടക്കലംഘനത്തിനെതിരെ സത്വര നടപടിയുണ്ടാവണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു

Share via
Copy link
Powered by Social Snap