പിഎസ്സി പിരിച്ചുവിടണം: യുവമോർച്ച

തിരുവനന്തപുരം: പി.എസ്.സി പിരിച്ചുവിടണമെന്ന്  യുവമോർച്ച.  വിവിധ സർക്കാർ സംവിധാനങ്ങളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തി നിയമനങ്ങൾ നടത്താൻ പി എസ് സി ക്ക് സാധിക്കാതെ വന്നിരിക്കുകയാണെന്നും പരീക്ഷകൾ നടത്തി റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുക എന്നത് മാത്രമാണ് ഇപ്പോൾ പിഎസി ചെയ്തുകൊണ്ടിരിക്കുന്നതെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ ആരോപണം ഉന്നയിച്ചു. 

സി പി എമ്മിന്റെ സൈബർ പോരാളികൾക്കാണ് മാനദണ്ഡങ്ങൾ നോക്കാതെ സിഡിറ്റിൽ സ്ഥിര നിയമനത്തിന് ശുപാർശയിറക്കിയത്. സ്വജനപക്ഷപാതവും, കെടുകാര്യസ്ഥതയും, അഴിമതിയും മാത്രം മുഖമുദ്രയാക്കിയാണ് പിണറായി സർക്കാർ മുന്നോട്ട് പോകുന്നത്.പത്താം ക്ലാസു പോലും പാസാകാത്ത സ്വപ്ന സുരേഷിനെപ്പോലുള്ളവർ സർക്കാർ സംവിധാനത്തിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുമ്പോൾ കഷ്ടപ്പെട്ട് പഠിച്ച് പി എസ് സി റാങ്ക് ലിസ്റ്റുകളിൽ ഇടം പിടിച്ചവർ നിയമനം ലഭിക്കാതെ പുറത്തു നിൽക്കുന്നു. 

സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റും, എക്‌സൈസ് റാങ്ക് ലിസ്റ്റും ഉൾപ്പെടെ നിരവധി ലിസ്റ്റുകൾ നാമമാത്ര നിയമനങ്ങൾ മാത്രം നടത്തി കാലാവധി അവസാനിച്ചിരിക്കുന്നു. ലഭ്യമായ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാതെ അക്ഷരാർഥത്തിൽ നിയമന നിരോധനം കേരളത്തിൽ നടപ്പിലാക്കുകയാണെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
 

Share via
Copy link
Powered by Social Snap