പിതാവിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്ത്തിയാക്കണം, പണമില്ല; ആടുകളെ മോഷ്ടിച്ച് ‘നായകന്മാര്’

പിതാവ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങിയപ്പോള്‍ നായകന്‍മാരായ സഹോദരന്‍മാരുടെ മുന്നില്‍ വേറെ വഴിയൊന്നും കണ്ടില്ല. വിജനമായ ഗ്രാമപ്രദേശങ്ങളില്‍ പോയി അവിടെ അലഞ്ഞ് തിരിഞ്ഞു നടക്കുന്ന ആടുകളെ കടത്തിക്കൊണ്ടു പോയി വില്‍പന നടത്തി. ഒടുവില്‍ പൊലീസിന്‍റെ പിടിയിലുമായി.

തമിഴ്നാട്ടിലാണ് ഈ രസകരമായ സംഭവം നടന്നത്. ന്യൂ വാഷർമെൻപേട്ടിലെ സഹോദരന്‍മാരായ എന്‍. നിരഞ്ജന്‍ കുമാര്‍(30), ലെനിന്‍ കുമാര്‍(32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ആടുകളെ മോഷ്ടിച്ച് വില്‍പന നടത്തുകയാണെന്നും മാധവരം പൊലീസ് ശനിയാഴ്ച അറസ്റ്റ് ഇവരെ ചെയ്തതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പിതാവ് വിജയ് ശങ്കര്‍ നിര്‍മ്മിക്കുന്ന ‘നീ താന്‍ രാജ’ എന്ന ചിത്രത്തില്‍ നിരഞ്ജനും ലെനിനുമാണ് നായകന്‍മാര്‍. സാമ്പത്തിക പ്രതിസന്ധി മൂലം ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പിതാവിനെ സഹായിക്കാനാണ് തങ്ങള്‍ ആടുകളെ മോഷ്ടിച്ചതെന്ന് സഹോദരന്‍മാര്‍ പൊലീസിനോട് പറഞ്ഞു.

ചെറിയ തുകയ്ക്കല്ല ഇവര്‍ മോഷണം നടത്തിയിരുന്നത്. ഒരു ദിവസം എട്ടും പത്തും ആടുകളെ വിറ്റ് 8,000 രൂപ വരെ സമ്പാദിക്കാറുണ്ട്. ചെങ്കല്‍പേട്ട്,മാധവരം,മിഞ്ചൂര്‍, പൊന്നേരി തുടങ്ങിയ സ്ഥലങ്ങളിലെ വിജനമായ പ്രദേശത്ത് മേഞ്ഞുനടക്കുന്ന ആടുകളെ പിടികൂടുകയാണ് ഇവര്‍ ചെയ്തിരുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ ഒന്നോ രണ്ടോ ആടുകളില്‍ കൂടുതല്‍‌ ഇവര്‍ മോഷ്ടിക്കാറുമില്ല. ഒക്ടോബര്‍ 9ന് മാധവരത്തെ പലാനി പ്രദേശത്താണ് ഇവര്‍ മോഷണം നടത്തിയത്. ഇത് പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെടുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സഹോദരന്‍മാരാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞു. ദൃശ്യങ്ങളില്‍ ഇവരുടെ കാര്‍ കണ്ടെങ്കിലും നമ്പര്‍ വ്യക്തമായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവിടെ സ്ഥിരം ആടുകള്‍ മോഷണം പോകുന്നതായി ശ്രദ്ധയില്‍ പെട്ടു. പ്രദേശം നിരീക്ഷിക്കാന്‍ പൊലീസുകാരെ നിയോഗിക്കുകയും ചെയ്തു. ശനിയാഴ്ച ഉറങ്ങിക്കിടക്കുകയായിരുന്ന ആടിനെ മോഷ്ടിക്കാന്‍ ശ്രമിച്ച സഹോദരന്‍മാരെ വേഷം മാറിയെത്തിയ പൊലീസ് പിടികൂടുകയായിരുന്നു.

Share via
Copy link
Powered by Social Snap