പി.ലീലയുടെ നാരായണീയം ഷഷ്ടിപൂര്ത്തിയിലേക്ക്

ഗുരുവായൂരമ്പലത്തിൽ പി ലീലയുടെ ശബ്ദത്തിൽ നാരായണീയം കേട്ടു തുടങ്ങിയിട്ട് ഇന്ന് 59 വർഷം തികയുന്നു. (സെപ്റ്റംബർ 22) ഷഷ്ടിപൂർത്തിയിലേക്ക് കടക്കുകയാണ് ആ നാദധാര. ഹന്തഭാഗ്യം ജനാനാംവിപ്ലവകാരി; മതേതരവാദി; പോരാത്തതിന് കടുത്ത അവിശ്വാസിയും. എങ്കിലും വർഷത്തിൽ രണ്ടു തവണയെങ്കിലും വാകച്ചാർത്തിന് ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ എത്തും സുധാകരൻ. തൊഴാനല്ല; കളഭചന്ദനാദികളുടെ നറുമണത്തോടൊപ്പം പുലർച്ചെ അന്തരീക്ഷത്തിൽ വന്നുനിറയുന്ന പി ലീലയുടെ നാദസൗഭഗത്തിൽ മുഴുകി മതിമറന്നു നിൽക്കാൻ.

എന്താണീ വൈരുധ്യത്തിന്റെ പൊരുൾ എന്ന് ചോദിച്ചിട്ടുണ്ട് സുധാകരനോട്. അത് പറഞ്ഞാൽ മനസ്സിലാവില്ല; അനുഭവിച്ചറിയേണ്ട കാര്യമാണ് ” — കോളേജിലെ പഴയ സഹപാഠി കൂടിയായ സുധാകരൻ ചിരിച്ചുകൊണ്ട് പറയും. പി.ലീലയുടെ നാരായണീയവും ഹരിനാമകീർത്തനവും ജ്ഞാനപ്പാനയും ആ സമയത്ത് അവിടത്തെ അന്തരീക്ഷത്തിൽ കേട്ട് നിൽക്കുമ്പോൾ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും പ്രാരാബ്ധങ്ങളും നമ്മൾ മറക്കും. നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം വീണ്ടുകിട്ടിയ പോലെ തോന്നും. ജീവിതത്തെ നമ്മൾ വീണ്ടും സ്നേഹിച്ചു തുടങ്ങും. ഭക്തനാണോ അല്ലയോ എന്നത് ഒരു വിഷയമേയല്ല….”

സുധാകരന്മാർ വേറെയുമുണ്ടാകാം. പ്രത്യയശാസ്ത്രങ്ങളും വിശ്വാസപ്രമാണങ്ങളും മുറുകെ പിടിച്ചുകൊണ്ടുതന്നെ ജീവിതത്തെ ആർദ്രതയോടെ നോക്കിക്കാണുന്നവർ. അവർക്ക് കൂടി വേണ്ടി പി ലീല നാരായണീയം ഹൃദയത്തിൽ നിന്ന് പാടിത്തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പലതാകുന്നു. 1961 സെപ്റ്റംബർ 22 നാണ് ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റുമുള്ള ഉച്ചഭാഷിണികളിലൂടെ ലീല ഒരു ചന്ദനക്കാറ്റായി ഒഴുകിത്തുടങ്ങിയത്. ആറ് പതിറ്റാണ്ടുകൾക്കിപ്പുറവും ആ ഒഴുക്ക് നിലച്ചിട്ടില്ല. ശ്രീകോവിൽ നടയിൽ നിന്ന് ചന്ദനചർച്ചിതനായ ഗുരുവായൂരപ്പനെ താണുവണങ്ങുമ്പോഴും ചുറ്റമ്പലത്തിലൂടെ നാമോച്ചാരണങ്ങളുമായി പ്രദക്ഷിണം വെക്കുമ്പോഴും അമ്പലച്ചുമരുകളിലെ ചാരുചിത്രങ്ങൾ കൗതുകത്തോടെ കണ്ടുനിൽക്കുമ്പോഴുമെല്ലാം, ആത്മാവിലേക്ക് ഹിമകണം പോലെ ഇറ്റുവീഴുന്ന ശബ്ദമായി ലീല നമ്മെ പിന്തുടരുന്നു : ഭഭസാന്ദ്രാനന്ദാവ ബോധാത്മകമനുപമിതം കാലദേശാവധിഭ്യാം, നിർമുക്തം നിത്യമുക്തം നിഗമശത സഹസ്രേണ നിർഭാസ്യമാനം, അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരു പുരുഷാർത്ഥാത്മകം ബ്രഹ്മതത്വം, തത്താവദ് ഭാതി സാക്ഷാത് ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാനാം..”

പി ലീലയുടെ ശബ്ദം ആദ്യമായി ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ മുഴങ്ങിയ ചരിത്രപ്രാധാന്യമുള്ള തീയതി ദേവസ്വത്തിന്റെ പുരാ രേഖകളിൽ നിന്ന് കണ്ടെടുത്തുതന്ന ആർ പരമേശ്വരയ്യർക്ക് നന്ദി. ഭഭഈശ്വര നിയോഗമെന്നോണം തികച്ചും യാദൃച്ഛികമായി കയ്യിൽ വന്നുചേരുകയായിരുന്നു അമൂല്യമായ ആ രേഖകൾ.” ദേവസ്വം ഉദ്യോഗസ്ഥനും ക്ഷേത്ര ഗവേഷകനുമായ അയ്യർ പറഞ്ഞു. ഭഭപഴമയുടെ ഗന്ധമുള്ള ആ ഫയലുകളിലൂടെ വെറുതെ കണ്ണോടിച്ചപ്പോൾ നാരായണീയത്തെ കുറിച്ചുള്ള ചില പരാമർശങ്ങൾ കണ്ടു. തുടർന്ന് വായിക്കാൻ പ്രേരിപ്പിച്ചത് ആ സൂചനകളാണ്. അറിയപ്പെടുന്നവരും അല്ലാത്തവരുമായ കുറെ മനുഷ്യരുടെ ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും കൂടി ചരിത്രമായിരുന്നു ആ രേഖകൾ. ” ആ വ്യക്തികളിൽ ആരും ഇന്ന് ജീവിച്ചിരിപ്പില്ലായിരിക്കാം. പക്ഷേ അവർ കൊളുത്തിവെച്ച ജ്വാല ഇന്നും പഴയ അതേ ദീപ്തിയോടെ പ്രകാശിക്കുന്നു. എത്രയോ സാധാരണക്കാരുടെ ജീവിതങ്ങളിൽ പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു അത്. കടുത്ത നിരീശ്വര വാദികൾ പോലും നാരായണീയത്തിന്റെയും ജ്ഞാനപ്പാനയുടെയും ആരാധകരായി മാറുന്നതിന് മറ്റെന്തു വിശദീകരണം നൽകാനാകും നമുക്ക്? വഴികാട്ടിയായി അച്ഛൻ —————– നാരായണീയത്തിലെ സാന്ദ്രാനന്ദാവബോധാത്മകം എന്ന ആദ്യ ദശകവും കേശാദിപാദ വർണ്ണനം, രാസക്രീഡ എന്നീ ദശകങ്ങളും പാടി റെക്കോർഡ് ചെയ്യാൻ പിതാവ് ഇ കെ കുഞ്ഞൻ മേനോനും സംഗീത സംവിധായകൻ വി ദക്ഷിണാമൂർത്തിക്കും ഒപ്പം 1961 ജൂലൈ ആദ്യവാരം ചെന്നൈയിലെ എ വി എം സ്റ്റുഡിയോയിൽ എത്തുമ്പോൾ ഒരു ചരിത്രനിയോഗത്തിന്റെ വക്കിലാണ് താൻ എന്ന് സങ്കപ്പിച്ചിരിക്കില്ല പി ലീല. ഭഭഗുരുവായൂരപ്പനോടുള്ള അകമഴിഞ്ഞ ഭക്തി അന്നേയുണ്ട്. മഹത്തായ ഒരു ഉത്തരവാദിത്വമാണ് ഏറ്റെടുത്തിട്ടുള്ളത് എന്നും അറിയാം. പക്ഷേ മലയാളികളുടെ വരുംതലമുറകൾ ദിനംപ്രതിയെന്നോണം കേൾക്കാൻ പോകുന്ന ഒരു കൃതിക്കാണ് ശബ്ദം നൽകാൻ പോകുന്നത് എന്ന ചിന്തയൊന്നും ഉണ്ടായിരുന്നില്ല. നമ്മൾ അത്രയൊന്നും കടന്നു ചിന്തിക്കുന്നില്ലല്ലോ അന്ന്. പാടുമ്പോൾ തെറ്റിപ്പോകരുതേ എന്നൊരു പ്രാർത്ഥനയേ ഉണ്ടായിരുന്നു മനസ്സിൽ.” –വർഷങ്ങൾക്കു ശേഷം ആ നിമിഷങ്ങൾ ഓർത്തെടുക്കേ ലീല പറഞ്ഞു.

‘എന്നേക്കാൾ അച്ഛനായിരുന്നു ആകാംക്ഷയും പ്രതീക്ഷയും ആശങ്കയും . ഞാൻ പാടിത്തീരുവോളം വേവലാതിയോടെ പുറത്ത് കാത്തിരിക്കുകയായിരുന്നു അച്ഛൻ . എത്രയോ ദിവസങ്ങളായി ഉറങ്ങിയിട്ടു പോലുമുണ്ടായിരുന്നില്ല അദ്ദേഹം. ശ്ലോകങ്ങളിൽ ഏതെങ്കിലും ഭാഗത്ത് അർത്ഥഭംഗം ഉണ്ടാകുമോ ഉച്ചാരണപിഴവ് ഉണ്ടാകുമോ എന്നൊക്കെയായിരുന്നു അദ്ദേഹത്തിന് പേടി.” നാരായണീയത്തിന് പിന്നാലെ അടുത്തൊരു ദിവസം തന്നെ ഹരിനാമകീർത്തനവും സ്വാമിയുടെ സംഗീതസംവിധാനത്തിൽ അതേ സ്റ്റുഡിയോയിൽ ലീലയുടെ സ്വരത്തിൽ റെക്കോർഡ് ചെയ്യപ്പെട്ടു. അതുകഴിഞ്ഞ് ജയവിജയന്മാരുടെ ഈണത്തിൽ ജ്ഞാനപ്പാനയും.

രണ്ടു മാസത്തിനു ശേഷം, 1961 സെപ്തംബർ 22 ന് പുലർച്ചെ രണ്ടരക്ക് ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ ഉച്ചഭാഷിണിയിലൂടെ ലീലയുടെ ശബ്ദത്തിൽ ആ ശ്ലോകങ്ങൾ ആദ്യമായി ഭക്തഹൃദയങ്ങളിലേക്ക് ഒഴുകിയെത്തുന്നു. ഗുരുവായൂരിലെ അന്തരീക്ഷത്തിൽ, ഉച്ഛ്വാസ നിശ്വാസങ്ങളിൽ പോലും ആത്മീയതേജസ്സാർന്ന ആ ശബ്ദമുണ്ട്. അഞ്ചര പതിറ്റാണ്ടിനിടെ ഋതുക്കളും ഭക്തരുടെ തലമുറകളും മാറിമാറി വന്നിരിക്കാം. ശ്രീകോവിൽ ചുമരുകൾ സ്വർണ്ണവർണ്ണാഞ്ചിതമായിരിക്കാം. ക്ഷേത്രവരുമാനം കോടികളായി വളർന്നിരിക്കാം. ആചാരങ്ങളും വഴിപാടുകളും പൂജാവിധികളുമെല്ലാം അടിമുടി പരിഷ്കരിക്കപ്പെട്ടിരിക്കാം. പക്ഷേ ലീലയ്ക്ക് മാത്രം മാറ്റമില്ല. പതിറ്റാണ്ടുകളായി കണ്ണനെ പാടിയുണർത്തുന്ന ആ ശബ്ദത്തിനും.

നന്ദി പറയേണ്ടത് സാക്ഷാൽ ഗുരുവായൂരപ്പനോടാണ് ; പിന്നെ ആലപ്പുഴ മുല്ലക്കൽ സ്വദേശിയായ എസ് പി നായരോടും. ക്ഷേത്രാന്തരീക്ഷം കൂടുതൽ ഭക്തിമയവും സംഗീതസാന്ദ്രവുമാക്കാൻ വേണ്ടി നാരായണീയം ഉൾപ്പെടെയുള്ള ശ്ലോകങ്ങൾ ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കുക എന്ന ആശയം 1961 മാർച്ചിൽ ആദ്യമായി മുന്നോട്ടുവെച്ചത് ഗുരുവായൂരിൽ ഗണേഷ് പ്രസ്സ് നടത്തിയിരുന്ന ഈ ഭക്തനാണെന്ന് രേഖകൾ സൂചിപ്പിക്കുന്നു. വെറുമൊരു കച്ചവടക്കാരൻ മാത്രമായിരുന്നില്ല എസ് പി നായർ. അറിയപ്പെടുന്ന പത്രപ്രവർത്തകനായിരുന്നു; നല്ലൊരു സംഗീതാസ്വാദകനും. ഭഭദീർഘകാലം ഇന്ത്യൻ എക്സ്പ്രസ്സിൽ അസിസ്റ്റന്റ് എഡിറ്ററായിരുന്നു അദ്ദേഹം.”– കവിയും ഗാനരചയിതാവുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ഓർമ്മ. ഭഭസംഗീതത്തിൽ നല്ല ഗ്രാഹ്യമുണ്ട്; എക്സ്പ്രസിന് വേണ്ടി കച്ചേരികൾ റിവ്യൂ ചെയ്തിരുന്നു. എസ് പി നായരും ഞാനും ചേർന്നാണ് ഗുരുവായൂരിലെ ആദ്യത്തെ സായാഹ്ന പത്രം പുറത്തിറക്കിയത്; സ്വതന്ത്രമണ്ഡപം എന്ന പേരിൽ. മാനേജിംഗ് എഡിറ്ററായി അദ്ദേഹം. പത്രാധിപരായി ഞാനും. പിൽക്കാലത്ത് ഗുരുവായൂർ സന്ദേശം എന്ന പേരിൽ ഒരു ഗൈഡും ഞങ്ങൾ പ്രസിദ്ധീകരിച്ചു. സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. എല്ലാ അർത്ഥത്തിലും ഒരു ഓൾറൗണ്ടർ.”

ക്ഷേത്രപരിസരത്തെ പ്രശാന്തമായ അന്തരീക്ഷത്തെ ഹാനികരമായി ബാധിക്കും എന്ന വാദത്തോടെ എസ് പി നായരുടെ നിർദ്ദേശത്തെ ഖണ്ഡിച്ചവരും ഉണ്ടായിരുന്നു ഭരണസമിതിയിൽ. എങ്കിലും അനുകൂലിച്ചവരായിരുന്നു ഏറെയും. ശക്തമായി പിന്തുണച്ചത് ദേവസ്വത്തിന്റെ കൃഷ്ണനാട്ടം സൂപ്രണ്ട് എ സി ഗോദവർമ്മ രാജയാണ്. രാജയുടെ സഹകരണത്തോടെ നായർ തന്റെ നിർദേശം സാമൂതിരി രാജാവിന് സമർപ്പിക്കുന്നു. ദേവസ്വം മാനേജിംഗ് ട്രസ്റ്റി കൂടിയായിരുന്ന സാമൂതിരി രാജാവിനാണ് ക്ഷേത്രഭരണത്തിന്റെ ചുമതല. എങ്കിലും ഇത്തരമൊരു നീക്കത്തിന് തത്വത്തിൽ അനുമതി നൽകേണ്ടത് തിരുവനന്തപുരത്തെ ഹിന്ദുമത ധർമ്മ സ്ഥാപന വകുപ്പ് കമ്മീഷണറാണ്. അതിനും അധികം കാത്തുനിൽക്കേണ്ടി വന്നില്ല. ക്ഷേത്രത്തിൽ നിന്ന് നാരായണീയവും ഹരിനാമകീർത്തനവും ജ്ഞാനപ്പാനയും പ്രക്ഷേപണം ചെയ്യാൻ അനുമതി നൽകിക്കൊണ്ട് അന്നത്തെ ദേവസ്വം മാനേജർ എം കെ രാജയുടെ അറിയിപ്പു വന്നത് 1961 മാർച്ച് 10 ന്. ഇനി ഈ കൃതികൾ എല്ലാം ഗ്രാമഫോൺ റെക്കോർഡുകളായി പുറത്തിറക്കണം. സാമൂതിരി രാജാവിന്റെ നോമിനി എന്ന നിലക്ക് എസ് പി നായർക്കായിരുന്നു ചെന്നൈയിൽ ചെന്ന് സംഗീതജ്ഞരെ നേരിട്ട് കാണാനും റെക്കോഡിംഗ് നടപടികളുടെ മേൽനോട്ടം വഹിക്കാനുമുള്ള ചുമതല. സംഗീതകലാനിധി എം എസ് സുബ്ബുലക്ഷ്മിയെ കൊണ്ട് തന്നെ ശ്ലോകങ്ങൾ പാടി റെക്കോഡ് ചെയ്യിക്കണം എന്നായിരുന്നു പ്രധാന നിർദേശങ്ങളിൽ ഒന്ന്. സുബ്ബുലക്ഷ്മി ഒഴിഞ്ഞുമാറുകയാണെങ്കിൽ മാത്രം മറ്റു സംഗീതജ്ഞരെ സമീപിക്കാം. തെന്നിന്ത്യൻ സംഗീത ലോകത്ത് സുവർണ്ണ താരമായി തിളങ്ങിനിൽക്കുകയായിരുന്നു അക്കാലത്ത് എം എസ് എന്നോർക്കുക. ഗുരുവായൂരപ്പന്റെ നിശ്ചയം എം എസ് സുബ്ബുലക്ഷ്മിയെ അവരുടെ വീട്ടിൽ ചെന്നു നേരിട്ട് കാണുക എന്ന ലക്ഷ്യത്തോടെ എസ് പി നായരും സംഘവും മദ്രാസിൽ എത്തുന്നു. നിർഭാഗ്യവശാൽ എം എസ് ആ സമയത്ത് സ്ഥലത്തില്ല; ഉത്തരേന്ത്യൻ പര്യടനത്തിലാണ്. ഇരുപതു ദിവസം കഴിഞ്ഞേ തിരികെ എത്തൂ. രണ്ടു പോംവഴികൾ ഉണ്ടായിരുന്നു പ്രതിനിധി സംഘത്തിന് മുന്നിൽ. ഒന്നുകിൽ എം എസ് വരുന്നത് വരെ കാത്തുനിൽക്കുക. ഇല്ലെങ്കിൽ എം എൽ വസന്തകുമാരി, ഡി കെ പട്ടമ്മാൾ തുടങ്ങിയ പ്രമുഖരിൽ ആരെയെങ്കിലും കൊണ്ട് ശ്ലോകങ്ങൾ റെക്കോഡ് ചെയ്യിക്കുക. പക്ഷേ എസ് പി നായർ മുന്നോട്ടു വെച്ചത് മറ്റൊരു നിർദേശമാണ്. മലയാളത്തിന്റെ പ്രിയഗായിക പി ലീല ഉള്ളപ്പോൾ എന്തിന് മറുഭാഷാ ഗായികമാരെ തേടിപ്പോകണം? സിനിമയിൽ മാത്രമല്ല കച്ചേരി വേദികളിലും പ്രതിഭ തെളിയിച്ച ലീലക്ക് ഗുരുവായൂരപ്പനോടുള്ള ഭക്തിയുടെ ആഴം ആരെയും പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല. മലയാളഭാഷയിലുള്ള ശ്ലോകങ്ങളുടെ ആലാപനത്തിൽ ഉച്ചാരണശുദ്ധി ഒരു പ്രധാന ഘടകമായതിനാൽ ലീല തന്നെ പാടുന്നതായിരിക്കും ഉത്തമം എന്ന നായരുടെ വാദത്തിൽ കഴമ്പുണ്ടല്ലോ എന്ന് തോന്നിയിരിക്കണം ദേവസ്വത്തിന്. ഭഭഗുരുവായൂരപ്പന്റെ നിശ്ചയം തന്നെയായിരിക്കണം അത്. അല്ലെങ്കിൽ ഇത്രയും മഹാപ്രതിഭകളായ പാട്ടുകാരുണ്ടായിട്ടും ആ ഭാഗ്യം എന്നെ തേടിയെത്തില്ലല്ലോ..” കാലം തനിക്കു വേണ്ടി കരുതിവെച്ച ആ നിയോഗത്തെ കുറിച്ച് പിന്നീടൊരിക്കൽ ലീല പറഞ്ഞു.

മേൽപ്പുത്തൂരിന്റെയും പൂന്താനത്തിന്റെയും തുഞ്ചത്താചാര്യന്റെയും അതുല്യ രചനകൾ ആലപിക്കാൻ മകളെ തിരഞ്ഞെടുത്ത കാര്യം പി ലീലയുടെ പിതാവ് കുഞ്ഞൻ മേനോനെ നേരിട്ട് ചെന്നുകണ്ടു അറിയിച്ചതും എസ് പി നായർ തന്നെ. അച്ഛന്റെ അനുമതിയില്ലാതെ ലീല ഒരു സംഗീതദൗത്യവും ഏറ്റെടുക്കാറില്ല . ഭഭആയുഷ്കാലത്തിൽ ഒരിക്കൽ മാത്രം ഒരു ഗായികക്കു ലഭിക്കാവുന്ന ഭാഗ്യമാണ് നിനക്ക് കൈവന്നിരിക്കുന്നത്. ഇരു കൈകളും നീട്ടി സ്വീകരിക്കുക.” കുഞ്ഞൻ മേനോൻ മകളോട് പറഞ്ഞു. ശ്ലോകങ്ങൾ പാടാനുള്ള ദൗത്യം ഏറ്റെടുത്തതിനു തൊട്ടു പിന്നാലെ അച്ഛന്റെ നിർദേശപ്രകാരം ഡോ എസ് കെ നായർ, ഡോ കുഞ്ചുണ്ണി രാജ എന്നിവരുടെ ശിഷ്യത്വം സ്വീകരിക്കുക കൂടി ചെയ്തു ലീല. നാരായണീയ ശ്ലോകങ്ങളുടെ വ്യാഖ്യാനവും അർത്ഥവും ആഴത്തിൽ ഹൃദിസ്ഥമാക്കിയത് ഈ സംസ്കൃത പണ്ഡിതരിൽ നിന്നാണ്. ഉച്ചാരണ ശുദ്ധിയ്ക്ക് ഊന്നൽ നൽകിക്കൊണ്ടായിരുന്നു പരിശീലനം. വാക്കുകൾ കൂട്ടിച്ചൊല്ലേണ്ടത് എവിടെ, മുറിച്ചു ചൊല്ലേണ്ടത് എവിടെ എന്നൊക്കെ ഈ ഗുരുക്കളിൽ നിന്ന് ശ്രദ്ധാപൂർവം മനസ്സിലാക്കി ലീല. നാരായണീയത്തിന്റെയും ഹരിനാമകീർത്തനത്തിന്റെയും സംഗീത സംവിധാനം ദക്ഷിണാമൂർത്തിയെ ഏൽപ്പിക്കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നു. മറ്റൊരു പേരും പരിഗണനയിൽ വന്നില്ല എന്നതാണ് സത്യം.

റക്കോഡിംഗ് ദിവസം അടുക്കും തോറും മാനസികസമ്മർദം കൂടിവന്നു ലീലക്ക്. ‘അക്കാലത്ത് റിഹേഴ്സലിനായി ദിവസവും എന്റെ വീട്ടിൽ വരും ലീല.” — ദക്ഷിണാമൂർത്തിയുടെ വാക്കുകൾ. രണ്ടാഴ്ചയോളം തുടർച്ചയായി റിഹേഴ്സ് ചെയ്തു എന്നാണ് ഓർമ്മ. അതിനു വേണ്ടി സിനിമാ പാട്ടുകളുടെ റെക്കോഡിംഗ് വരെ മാറ്റിവെച്ചു ലീല. എത്ര തവണ പാടിയാലും അവർക്ക് തൃപ്തി വരില്ല. ചില ഭാഗങ്ങൾ ആവർത്തിച്ചു പാടും. സ്വന്തം ജീവിതാനുഭവങ്ങളുമായി സാമ്യമുള്ള വരികൾ വരുമ്പോൾ കണ്ണു നിറയും. ആ ശ്ലോകങ്ങളിൽ അത്രയേറെ അലിഞ്ഞുചേർന്നിരിക്കണം അവർ.” റെക്കോഡിംഗിന് മുൻപ് ഗുരുവായൂരപ്പന്റെ അനുഗ്രഹം വാങ്ങണമെന്നത് ലീലയ്ക്കു നിർബന്ധമുള്ള കാര്യമായിരുന്നു. അച്ഛനോടൊപ്പം അമ്പലത്തിലെത്തിയ ഗായിക സന്ധ്യാനേരത്ത് ദീപാരാധനയ്ക്കു ശേഷം ആഞ്ഞം മാധവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഊട്ടുപുരയിൽ നടന്ന നാമജപ യജ്ഞത്തിൽ പങ്കെടുത്തു. ആഞ്ഞം തിരുമേനി എഴുതിയ തിരുനാമഗാനം പാടി ഭഗവാന് സമർപ്പിച്ചതും അവിടെ വെച്ചു തന്നെ. ഭക്തർക്കിടയിൽ അഗസ്ത്യമുനി എന്നറിയപ്പെട്ടിരുന്ന ഭദ്രകുലമന പരമേശ്വരൻ എമ്പ്രാന്തിരിയിൽ നിന്നാണ് അച്ഛനും മകളും പിന്നീട് അനുഗ്രഹം വാങ്ങിയത്. ഗുരുവായൂരപ്പ ഭക്തരിൽ പ്രമുഖനായിരുന്ന എമ്പ്രാന്തിരി പ്രസാദമായി നൽകിയ കളഭവും പഞ്ചസാര നൈവേദ്യവും മാലയും സ്വീകരിച്ച് ഇരുവരും ചെന്നൈയിലേക്ക് വണ്ടി കയറുന്നു. ഏകാഗ്രമായ ഒരു തപസ്യ അതിന്റെ പൂർണ്ണതയിൽ എത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. 1961 ജൂലൈ ആദ്യവാരത്തിലാണ് എ വി എം സ്റ്റുഡിയോയിൽ നാരായണീയത്തിന്റെ മൂന്നു ദശകങ്ങൾ റെക്കോഡ് ചെയ്യപ്പെട്ടത്. തുടർന്ന് ഹരിനാമകീർത്തനത്തിന്റെ റിഹേഴ്സലും ശബ്ദലേഖനവും. ജൂലൈ ഇരുപത്തിരണ്ടാം തീയതിയോടെ രണ്ടു വിഖ്യാത കൃതികളുടെയും റെക്കോഡിംഗ് പൂർത്തിയാകുന്നു.

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ലീല പറന്നു നടന്നു പാടുന്ന കാലമാണ്. ഗാനമേളകളുടെ ബാഹുല്യം വേറെ. ശ്വാസം മുട്ടിക്കുന്ന ഈ തിരക്കിനിടയിലാണ് നാരായണീയവും ഹരിനാമകീർത്തനവും ലീല പാടിത്തീർത്തതെന്ന് ഓർക്കുന്നു പിതൃ സഹോദര പുത്രൻ രാമനുണ്ണി. ഭഭമറ്റെല്ലാ ദൗത്യങ്ങളും ഭഗവാന് വേണ്ടി മാറ്റിവെക്കുകയായിരുന്നു ലീല. മാത്രമല്ല മഹത്തായ ആ കർമ്മത്തിന്റെ പേരിൽ നയാ പൈസ പോലും പ്രതിഫലമായി സ്വീകരിക്കില്ല എന്നും തീരുമാനിച്ചുറച്ചിരുന്നു അവർ.” ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം തുക പ്രതിഫലം പറ്റുന്ന ഗായികയായിരുന്നു അക്കാലത്ത് ലീല എന്ന് ഓർക്കണം. ഒരു സിനിമാപാട്ട് പാടിയാൽ 700 രൂപ ലഭിക്കും അന്ന്. വിവിധ ഭാഷകളിലായി അഞ്ചും ആറും പാട്ടുകൾ വരെ ദിവസേന പാടി റെക്കോഡ് ചെയ്തിരുന്ന കാലം. ഭഭഗുരുവായൂരപ്പനുള്ള എന്റെ നിവേദ്യമാണ് ഈ ഗാനാർച്ചന. അതിന് പ്രതിഫലം സ്വീകരിക്കുന്നത് തെറ്റാണ്” — ലീലയുടെ നിലപാട് വ്യക്തവും സുചിന്തിതവുമായിരുന്നു. പക്ഷേ ദേവസ്വത്തിന്റെ നിർദേശ പ്രകാരം ഏറ്റെടുത്ത ചുമതലയായതിനാൽ ആർട്ടിസ്റ്റിന് പ്രതിഫലം നൽകിയേ പറ്റൂ. അതാണ് കീഴ്വഴക്കം. ആയിരം രൂപയുടെ ഓണറേറിയം ഗുരുവായൂരപ്പന്റെ പ്രസാദമായി സ്വീകരിക്കാൻ ലീല സമ്മതിക്കുന്നത് അങ്ങനെയാണ്. സ്വീകരിച്ചയുടൻ ആ തുക ഭണ്ഡാരത്തിൽ നിക്ഷേപിക്കാനും മറന്നില്ല അവർ. ചെന്നൈയിലെ സരസ്വതി സ്റ്റോഴ്സിനായിരുന്നു ഗ്രാമഫോൺ റെക്കോഡുകൾ തയ്യാറാക്കാനുള്ള ചുമതല . 2413 രൂപ 46 പൈസ ചെലവിൽ എണ്ണൂറു റെക്കോഡുകൾ സരസ്വതി സ്റ്റോഴ്സ് ദേവസ്വത്തിന് കൈമാറി. കമ്പോസിംഗ്, റെക്കോഡിംഗ് എന്നിവ ഉൾപ്പെടെ മൂന്നു കൃതികളും റെക്കോഡായി പുറത്തിറക്കാൻ ദേവസ്വത്തിന് ആകെ ചെലവ് വന്ന തുക 11619 രൂപ 84 പൈസ (എച്ച് ആർ ആൻഡ് സി ഇ കമ്മീഷണറുടെ 1964 നവംബർ 5 ലെ റിപ്പോർട്ട്). #

ചരിത്രപ്രധാനമായ ദിനം ———————– 1961 സെപ്തംബർ 21 ന് (മുപ്പട്ട് വ്യാഴാഴ്ചയായിരുന്നു അന്ന്) നാരായണീയത്തിന്റെയും ഹരിനാമകീർത്തനത്തിന്റെയും ഗ്രാമഫോൺ റെക്കോഡുകൾ ഔപചാരികമായി പ്രകാശനം ചെയ്യപ്പെടുന്നു. ക്ഷേത്ര സന്നിധിയിൽ നൂറുകണക്കിന് ഭക്തരെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ സാഹിത്യ രംഗത്തെ അതികായനായ പുത്തേഴത്ത് രാമൻ മേനോന് ആദ്യ റെക്കോഡ് കൈമാറിക്കൊണ്ട് കൊച്ചി മഹാരാജാവാണ് പ്രകാശനകർമ്മം നിർവഹിച്ചത്. ക്ഷേത്രം മാനേജിംഗ് ട്രസ്റ്റിയുടെ പ്രതിനിധിയായി ചടങ്ങിൽ പങ്കെടുത്തത് സാമൂതിരി കോവിലകം എസ്റ്റേറ്റ് പഴ്സണൽ മാനേജർ കെ മാധവമേനോൻ. പിറ്റേന്ന് പുലർച്ചെ രണ്ടരക്ക് ക്ഷേത്രത്തിന്റെ ചുറ്റിലുമുള്ള ഉച്ചഭാഷിണികളിലൂടെ ചരിത്രത്തിലാദ്യമായി നാരായണീയവും ഹരിനാമകീർത്തനവും ലീലയുടെ ശബ്ദത്തിൽ അന്തരീക്ഷത്തിലേക്ക് ഒഴുകിയെത്തുന്നു. ഓം നമോ നാരായണായ എന്ന മന്ത്രോച്ചാരണത്തോടെ ദക്ഷിണാമൂർത്തിയും ചേരുന്നുണ്ട് ഈ നാമജപത്തിൽ ലീലയോടൊപ്പം.

തുടക്കത്തിൽ ദേവസ്വം സത്രത്തിൽ നിന്നാണ് റെക്കോഡുകൾ പ്രക്ഷേപണം ചെയ്തിരുന്നത്. പിന്നീടത് അമ്പലത്തിനകത്തെ ഊട്ടുപുരക്കടുത്തുള്ള ഓഫീസിൽ നിന്നായി. എച്ച് എം വിയുടെ 78 ആർ പി എം ഗ്രാമഫോൺ റെക്കോർഡിൽ നിന്ന് ഒഴുകിയെത്തിയ ശ്ലോകങ്ങളാണ് ഭക്തർ ആദ്യം കേട്ടത്. സാങ്കേതിക പുരോഗതിക്കനുസരിച്ചു മ്യൂസിക് സിസ്റ്റങ്ങളും മാറി. ഗ്രാമഫോൺ പോയി ഓഡിയോ കാസറ്റും കാസറ്റിനു പകരം സി ഡിയും എം പി ത്രീയും അതുകഴിഞ്ഞു പെൻ ഡ്രൈവും എത്തി. എല്ലാ സാങ്കേതിക വളർച്ചയ്ക്കും പശ്ചാത്തലസംഗീതമായി ലീലയുടെ ശബ്ദമുണ്ട്; കാലത്തിന് തൊടാൻ പോലുമാകാതെ. ലീലയുടെ നാരായണീയമോ ഹരിനാമകീർത്തനമോ ജ്ഞാനപ്പനയോ മുഴങ്ങിക്കേൾക്കാത്ത അമ്പലങ്ങൾ കേരളത്തിൽ ഇല്ലെന്നുതന്നെ പറയാം.

സാധാരണക്കാരും അല്ലാത്തവരും മ്യൂസിക് ഷോപ്പുകളിൽ ചെന്നന്വേഷിക്കുക മേൽപ്പുത്തൂരിന്റെ നാരായണീയമുണ്ടോ പൂന്താനത്തിന്റെ ജ്ഞാനപ്പാനയുണ്ടോ എന്നല്ല, പി ലീലയുടെ നാരായണീയവും ജ്ഞാനപ്പാനയും ഉണ്ടോ എന്നാണ്. ഒരു ഗായികയുടെ ജന്മം സഫലമാകാൻ ഇതിൽപ്പരം എന്ത് വേണം.

ജീവിതം ഭക്തിക്കും സംഗീതത്തിനുമായി സമർപ്പിച്ച ലീലയെ ഇന്ന് നമ്മിലെത്ര പേർ ഓർക്കുന്നു? ജീവിച്ചിരുന്ന കാലത്ത് അധികം ഔദ്യോഗിക’ ബഹുമതികളൊന്നും തേടിവന്നില്ല അവരെ. മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഈ ഗായികയെ പദ്മ അവാർഡിന് ശുപാർശ ചെയ്യാൻ പോലും മടിച്ചു കേരള സർക്കാർ. ഒടുവിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉത്സാഹത്തിൽ ലീലക്ക് കേന്ദ്രം പദ്മഭൂഷൺ പ്രഖ്യാപിച്ചപ്പോൾ അതേറ്റുവാങ്ങാൻ വിധി അവരെ അനുവദിച്ചതുമില്ല. മരണം അതിനുമുമ്പേ ലീലയെ കൂട്ടിക്കൊണ്ടുപോയിരുന്നു. ആരോടും മത്സരിക്കാൻ ഞാനില്ല. അർഹതപ്പെട്ടത് നമ്മളെ തേടി വരും.”– ലീല പതിവായി പറഞ്ഞുകേൾക്കാറുള്ള ആ വാക്കുകളിൽ അവരുടെ ഹൃദയനൈർമ്മല്യം മുഴുവൻ ഉണ്ടായിരുന്നു. ജ്ഞാനപ്പാനയിലെ വരികളാണ് ഓർമ്മയിൽ വന്നത്; ലീലയുടെ ശബ്ദത്തിൽ മലയാളിയുടെ ഹൃദയത്തെ വന്നു തൊട്ട വരികൾ:

കൂടിയല്ലാ മരിക്കുന്ന നേരത്തും, മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ?”

Share via
Copy link
Powered by Social Snap