പുതിയ ഗതാഗത നിയമം: ഉയർന്ന പിഴത്തുക ഈടാക്കില്ലെന്ന് മന്ത്രി ശശീന്ദ്രൻ

തിരുവനന്തപുരം: പുതിയ മോട്ടോർ വാഹന നിയമത്തിന്‍റെ അടിസ്ഥാനത്തിൽ ഗതാഗത നിയമം ലംഘിച്ചാലുള്ള ഉയർന്ന പിഴത്തുക ഉടൻ ഈടാക്കില്ലെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. മോട്ടർ വാഹന നിയമ ഭേദഗതിയിൽ കേന്ദ്രസർക്കാരിൽ നിന്നു വ്യക്തത വരുന്നതു വരെയാണ് ഉയർന്ന പിഴ ഒഴിവാക്കുന്നത്. അതുവരെ ബോധവൽക്കരണം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രത്തിന്‍റെ തീരുമാനം ഉത്തരവായി ലഭിച്ചാൽ മാത്രമേ തുടർ നടപടികൾ തീരുമാനിക്കാന്‍ കഴിയുകയുള്ളു. പഴയ പിഴത്തുക പുനഃസ്ഥാപിക്കാതെ നിരക്ക് പുതുക്കി നിശ്ചയിക്കും. ഇപ്പോഴത്തെ വർധനവ് ലഘൂകരിക്കുക മാത്രമാണ് ചെയ്യുകയെന്നും മന്ത്രി പറഞ്ഞു. ബിജെപി ഭരിക്കുന്ന ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ പിഴത്തുകയിൽ ഇളവ് ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം നിലപാടിൽ അയവ് വരുത്തിയത്.

വാഹന നിയമ ലംഘനത്തിലുള്ള പിഴത്തുക എത്ര വേണമെന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അദ്ദേഹം സ്വാഗതം ചെയ്തു. വൈകിയാണെങ്കിലും സംസ്ഥാനങ്ങൾക്ക് പിഴത്തുക തീരുമാനിക്കാനുള്ള അധികാരം വിട്ടുനൽകിയതില്‍ സന്തോഷമെന്നായിരുന്നു എ.കെ. ശശീന്ദ്രന്‍റെ പ്രതികരണം.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap