പുതിയ നാഴികക്കല്ല്; ചരക്ക് കപ്പൽ സർവീസ് ഫ്ലാഗ്ഓഫ് ചെയ്ത് മുഖ്യമന്ത്രി

കണ്ണൂർ അഴീക്കൽ തുറമുഖ വികസനത്തിൽ നാഴികക്കല്ലായി ചരക്ക് കപ്പൽ സർവീസ് ആരംഭിച്ചു.കൊച്ചിയിലേക്ക് ചരക്കുമായുള്ള കന്നിയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. ജലഗതാഗതത്തിന് സർക്കാർ മുന്തിയ പരിഗണനയാണ് നല്കുന്നതെന്നും വ്യവസായ മേഖലയ്ക്ക് സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലേഷ്യയിലേക്ക് കയറ്റുമതി ചെയ്യാനുള്ള പ്ലൈവുഡ് ഉൾപ്പെടെയുള്ള ഉല്പന്നങ്ങളുമായാണ് അഴീക്കലിൽ നിന്നുള്ള ആദ്യ ചരക്ക് കപ്പൽ കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. കൊച്ചി ബേപ്പൂർ അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ആഴ്ചയിൽ രണ്ട് തവണ കപ്പൽ സർവീസ് നടത്തും.

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി ഓണലൈനായി കപ്പൽ ഫ്ലാഗ് ഓഫ് ചെയ്തു. കൊച്ചി, ബേപ്പൂർ , ആഴിക്കൽ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയിൽ അടുത്ത ഘട്ടത്തിൽ കൊല്ലത്തെ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അഴിക്കോട് എം എൽ എ കെ വി സുമേഷിന്റെ ശ്രമ ഫലമായാണ് കടമ്പകൾ മറികടന്ന് വേഗത്തിൽ ചരക്ക് കപ്പൽ സർവീസ് ആരംഭിക്കാനായത്.ചരക്ക് നീക്കം കൂടാതെ ജല ഗതാഗത രംഗത്തും ടൂറിസം രംഗത്തും അഴീക്കൽ തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുമെന്ന് കെ വി സുമേഷ് പറഞ്ഞു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൗണ്ട് ദ കോസ്റ്റ് ഷിപ്പിങ് കമ്പനിയുടെ എം.വി ഹോപ് സെവന്‍ കപ്പലാണ് സര്‍വീസ് ആരംഭിച്ചത്.

Share via
Copy link
Powered by Social Snap