പുതുച്ചേരിയിൽ ഭരണ പ്രതിസന്ധിക്കിടെ ‘ട്വിസ്റ്റ്’; കിരൺ ബേദിയെ നീക്കി രാഷ്ട്രപതി

ന്യൂഡൽഹി∙ പുതുച്ചേരി ലഫ്റ്റ്നന്റ് ഗവർണർ സ്ഥാനത്തുനിന്ന് കിരൺ ബേദിയെ നീക്കി. തെലങ്കാന ഗവർണർ ഡോ.തമിഴിസൈ സൗന്ദർരാജന് താൽക്കാലിക ചുമതല നൽകി. ചൊവ്വാഴ്ച രാത്രി രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഒരാൾ ചുമതലയേൽക്കും വരെ  ഡോ.തമിഴിസൈ സൗന്ദർരാജൻ അധിക ചുമതലയായി പുതുച്ചേരി ഗവർണർ സ്ഥാനവും വഹിക്കണമെന്ന് ഉത്തരവിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അറിയിച്ചു. 

നിയമസഭ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് നടപടി. കിരൺ ബേദിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. നാരായണസ്വാമി സമരരംഗത്ത് ഇറങ്ങിയിരുന്നു. പുതുച്ചേരിയുടെ വികസനത്തിന് തുരങ്കം വയ്ക്കുകയാണ് കിരൺ ബേദിയെന്നു മുഖ്യമന്ത്രി ആരോപിച്ചു. ഗവർണർ ജനാധിപത്യ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. 

അതേസമയം, ഭരണകക്ഷിയായ കോൺഗ്രസ് ഡിഎംകെ സഖ്യത്തെ പ്രതിസന്ധിയിലാക്കി പുതുച്ചേരിയിൽ ഒരു എംഎൽഎ കൂടി രാജിവച്ചു. മുഖ്യമന്ത്രി നാരായണ സാമിയുടെ നിലപാടിൽ പ്രതിഷേധിച്ചു കാമരാജ് നഗറിൽ നിന്നുള്ള  കോൺഗ്രസ് അംഗം ജാൻകുമാർ ആണ് രാജി സമർപ്പിച്ചത്. ഇതോടെ നിയമസഭയിൽ ഭരണ പ്രതിപക്ഷ  അംഗങ്ങളുടെ എണ്ണം തുല്യമായി. ഒരു മാസത്തിനിടെ കോൺഗ്രസ് വിടുന്ന നാലാമത്തെ എംഎൽഎ ആണ് ജാൻകുമാർ. രാഹുൽ ഗാന്ധി  തിരഞ്ഞെടുപ്പ്  പ്രചാരണത്തിന് എത്താനിരിക്കെയാണ് രാജി.

Share via
Copy link
Powered by Social Snap