പുത്തുമലയിൽ ഒരാളുടെ മൃതദേഹംകൂടി കിട്ടി, കവളപ്പാറയിൽ കാണാമറയത്ത് 13 പേർ

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ പുത്തുമലയിൽനിന്ന്‌ ഒരു സ്‌ത്രീയുടെ  മൃതദേഹംകൂടി കണ്ടെത്തി.  തിരിച്ചറിഞ്ഞിട്ടില്ല. പുത്തുമലയിൽനിന്നും ആറ്‌ കിലോമീറ്ററോളം താഴെ ഏലവയലിലാണ്‌ തിങ്കളാഴ്‌ച  ഉച്ചയോടെ മൃതദേഹം  കണ്ടത്‌.  ഇവിടെ നിന്നാണ്‌ ഞായറാഴ്‌ച ഒരാളുടെ മൃതദേഹം കണ്ടെത്തിയത്‌.  ഇതോടെ ഉരുൾപൊട്ടലിൽ കാണാതായ 12 പേരുടെ മൃതദേഹം ലഭിച്ചു. ഇനി അഞ്ചുപേരെക്കൂടി കണ്ടെത്താനുണ്ട്‌. പുത്തുമലയിൽനിന്നും ആയിരം അടിയോളം താഴ്‌ചയുണ്ട്‌ മൃതദേഹം കിട്ടിയ സ്ഥലത്തേക്ക്‌.തിങ്കളാഴ്‌ച  ജിപിആർ(ഗ്രൗണ്ട്‌ പെനിട്രേറ്റിങ് റഡാർ) സംവിധാനമുപയോഗിച്ച്‌ തെരച്ചിൽ തുടങ്ങി. ഹൈദരാബാദ്‌ നാഷണൽ ജിയോഫിസിക്കൽ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നും കവളപ്പാറയിലെത്തിയ സംഘമാണ്‌  പുത്തുമലയിൽ വന്നത്. ചെളിയും കല്ലും മരങ്ങളും നിറഞ്ഞതിനാൽ മൃതദേഹങ്ങൾ കണ്ടെത്താൻ പ്രയാസമാണെന്നാണ്‌ ജിപിആർ വിദഗ്‌ധർ പറയുന്നത്‌. ചൊവ്വാഴ്‌ചയും ഈ സംവിധാനം ഉപയോഗിച്ച്‌ തെരച്ചിൽ നടത്തും.കവളപ്പാറയിൽ കാണാമറയത്ത്‌  13 പേർ 
കവളപ്പാറ മുത്തപ്പൻമലയിൽ തിങ്കളാഴ്ച മൃതദേഹമൊന്നും കണ്ടെത്തിയില്ല.  ഞായറാഴ്ച കണ്ടെടുത്ത ആറ്‌ പേരിൽ തിരിച്ചറിയാത്ത ഒരാളുടെ മൃതദേഹം കവളപ്പാറ എസ്ടി കോളനി സുനിലിന്റെ ഭാര്യ ശാന്തകുമാരിയുടേതാണെന്ന്‌  തിരിച്ചറിഞ്ഞു. ദുരന്തത്തിൽ 59 പേരാണ് മണ്ണിനടിയിലായത്. ഇതിൽ 46 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതിൽ ഒരാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.  13 പേരെ കണ്ടെത്താനുണ്ട്‌.തിരിച്ചറിയാൻ  ഡിഎൻഎ ടെസ്‌റ്റ്‌ 
പുത്തുമലയിൽനിന്നും ഞായറാഴ്‌ച ലഭിച്ച മൃതദേഹത്തിന്‌ രണ്ടു കുടുംബങ്ങൾ അവകാശമുന്നയിച്ചതിനാൽ ഡിഎൻഎ ടെസ്‌റ്റ്‌ നടത്തും. നാലുപേരുടെ  ബന്ധുക്കളുടെ  രക്തസാമ്പിളുകൾ ശേഖരിച്ചു.  കണ്ണൂർ റീജിയണൽ ഫോറൻസിക്‌ ലാബിൽനിന്നും മൂന്ന്‌ ദിവസത്തിനകം ഫലം ലഭിക്കും.ഞായറാഴ്‌ച ഉച്ചയോടെ കണ്ടെത്തിയത്‌ അണ്ണയ്യന്റെ മൃതദേഹമാണെന്നായിരുന്നു ആദ്യ നിഗമനം. അണ്ണയ്യന്റേതാണെന്ന്‌ മകൻ സുനിൽകുമാർ  തിരിച്ചറിഞ്ഞിരുന്നു. ഇൻക്വസ്‌റ്റിനുശേഷം ബന്ധുക്കൾക്ക്‌ വിട്ടുകൊടുക്കുകയുംചെയ്‌തു. സംസ്‌കരിക്കാൻ തുടങ്ങിയപ്പോഴാണ്‌ കാണാതായ ഗൗരീശങ്കറിന്റേതാണെന്ന്‌ മൃതദേഹമെന്ന വാദവുമായി ബന്ധുക്കളെത്തിയത്‌.

Leave a Reply

Your email address will not be published.