പുറത്തുവന്നിരിക്കുന്നത് ഒരു ശബ്ദരേഖ മാത്രം’; ദിലീപിനെതിരായ കേസില് സംവിധായകന് ബാലചന്ദ്രകുമാര്

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഡാലോചന നടന്നെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ട്വന്റിഫോറിനോട്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ഒരു ശബ്ദരേഖ മാത്രമാണ്. ‘ഇത് താന്‍ അനുഭവിക്കേണ്ട ശിക്ഷയല്ല’ എന്ന് നടന്‍ ദിലീപ് പറഞ്ഞു. ഗൂഡാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ പൊലീസിന് കൈമാറി. ദിലീപ് അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നെന്നും ബാലചന്ദ്രകുമാര്‍ ട്വന്റിഫോര്‍ ‘എന്‍കൗണ്ടറി’ല്‍ പ്രതികരിച്ചു.‘ഇത് താന്‍ അനുഭവിക്കേണ്ട ശിക്ഷയല്ലെന്നും മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതാണെന്നും ദിലീപ് ബൈജു എന്നയാളോട് പറഞ്ഞു. പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ ബാലു കാണൂ എന്നും സംസാരിച്ചിരുന്നു. എന്നാല്‍ ആ വിഡിയോ കാണാന്‍ താന്‍ തയ്യാറായില്ലെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.ദിലീപിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത പുതിയ കേസിനെതിരെ ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിക്കും. ദിലീപിനെ ഒന്നാം പ്രതിയാക്കിയുളള എഫ്‌ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുമെന്നും കേസ് നിലനില്‍ക്കില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടതായാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍. എസ്പി കെ എസ് സുദര്‍ശന്റെ കൈവെട്ടുമെന്ന് ദിലീപ് പറഞ്ഞതായും എഫ്‌ഐആറില്‍ പറയുന്നു. ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥരെയും സാക്ഷികളെയും അപായപ്പെടുത്താന്‍ ഗൂഡാലോചന നടന്നുവെന്നാണ് എഫ്‌ഐആറിലെ കണ്ടെത്തല്‍. ‘തന്നെ കൈവച്ച കെ എസ് സുദര്‍ശന്റെ കൈവെട്ടും. ഡിവൈഎസ്പി ബൈജു പൗലോസിനെ വാഹനം കയറ്റി കൊല്ലുമെന്ന് ദിലീപ് ഭീഷണി മുഴക്കിയതായും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു.വധഭീഷണി, ഗൂഡാലോചന എന്നിവയുള്‍പ്പെടെ ഗുരുതരമായ അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരായ പുതിയ കേസ്. ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സുരാജ്, അപ്പു, ബൈജു ചെങ്ങമനാട് തുടങ്ങി ആറ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

Share via
Copy link
Powered by Social Snap