പൂന്തുറയിൽ പൊലീസിനെ ആക്രമിച്ചതിന് സൈനികൻ അറസ്റ്റിൽ

തിരുവനന്തപുരം പൂന്തുറയില്‍ പൊലീസിനെ ആക്രമിച്ചതിന് സൈനികന്‍ അറസ്റ്റില്‍. പൂന്തുറ സ്വദേശി കെല്‍വിനാണ് അറസ്റ്റിലായത്. വാഹനപരിശോധനയ്ക്കിടെ വനിത ഉദ്യോഗസ്ഥയെ ആക്ഷേപിച്ചതിന് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

രാവിലെ പൂന്തുറ കരിമ്പുവിള പെട്രോൾ പമ്പിന് സമീപം പൊലീസിന്‍റെ വാഹനപരിശോധനയ്ക്കിടെയാണ്
സംഭവം. ഹെല്‍മെറ്റില്ലാതെ എത്തിയ കെല്‍വിനെ പൊലീസ് തടഞ്ഞു. ഈ സമയം കണ്‍ട്രോള്‍ റൂം വാഹനത്തിലെ വനിത പൊലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി ആംഗ്യം കാണിച്ചെന്ന് പൊലീസ് പറയുന്നു. തുടർന്ന് പൊലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ട് വരാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിക്കുകയായിരുന്നു. പൂന്തുറ സ്റ്റേഷനിലെ എസ്.ഐമാരായ അനൂപ് ചന്ദ്രൻ, വിഷ്ണു എന്നിവരെയാണ് ആക്രമിച്ചത്. ഇതിൽ എസ്.ഐ വിഷ്ണുന്റെ കൈക്ക് പൊട്ടലുണ്ടായിട്ടുണ്ട്. ഉത്തർപ്രദേശിലെ പരേലിയിലെ മിലിട്ടറി ഹോസ്പിറ്റലിൽ ഹവീൽദാറാണ് പൂന്തുറ സ്വദേശി കെവിൻ വെൽസ്. ഇയാളെ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ട് പോകാൻ ഇറക്കിയപ്പോൾ ബന്ധുക്കൾ തടഞ്ഞത് തർക്കത്തിന് വഴിവച്ചു. കെൽവിനെ അകാരണമായി മർദിച്ചുവെന്നാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരോപണം.

വനിതാ പൊലീസിനോട് മോശമായി പെരുമാറി, പൊലീസിനെ ആക്രമിച്ചു, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് കെൽവിനെതിരെ ചുമത്തിയിട്ടുള്ളത്.

Share via
Copy link
Powered by Social Snap