പൃഥ്വിരാജ് മാപ്പു പറഞ്ഞു

സിനിമയിലൂടെ സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ പൃഥ്വിരാജ് മാപ്പ് പറഞ്ഞു. സിനിമയില്‍ നിന്നും പരാതിക്കടിസ്ഥാനമായ ഭാഗങ്ങള്‍ നീക്കം ചെയ്തതായും പൃഥ്വിരാജ് കോടതിയെ ബോധിപ്പിച്ചു. ഹൈക്കോടതി മുന്‍പാകെയാണ് അദ്ദേഹം മാപ്പപേക്ഷ സമര്‍പ്പിച്ചത്. അഹല്യ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.പൃഥ്വിരാജ് നായകനായി ഏറ്റവും അവസാനം തീയറ്ററുകളിലെത്തിയ ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന സിനിമയിലൂടെ സ്ഥാപനത്തെ അപമാനിച്ചെന്നായിരുന്നു പരാതി. ചിത്രത്തിൽ പൃഥ്വിരാജിൻ്റെ ഹരീന്ദ്രൻ എന്ന കഥാപാത്രം അഹല്യ ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു സ്‌ക്രിപ്റ്റ് കാണാനിടയാവുകയും ഇതിൽ താൻ അഭിനയിക്കില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ അഹല്യയെ കുറിച്ച് മോശം പരാമർശം നടത്തുന്നുമുണ്ട്. ഇതേത്തുടർന്നാണ് അഹല്യ കോടതിയെ സമീപിച്ചത്.നേരത്തെ പരാതിയിൽ പൃഥ്വിരാജിന് കോടതി നോട്ടിസ് അയച്ചിരുന്നു. ചിത്രത്തിൽ ആക്ഷേപമുയർന്ന ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവർത്തകർക്ക് നിർദേശം നൽകിയതാണെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. ഉത്തരവ് പാലിക്കുന്നതിൽ പൃഥ്വിരാജ് വീഴ്ച വരുത്തിയെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ ജയശങ്കർ വി നായർ ചൂണ്ടിക്കാട്ടി. നയൻ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിനു ശേഷം പൃഥ്വിരാജ് നിർമ്മിച്ച ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. സൂപ്പർസ്റ്റാർ ഹരീന്ദ്രനായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. ഹരീന്ദ്രന്റെ ആരാധകനും വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം ഡിസംബർ 20നാണ് തിയറ്ററുകളിൽ എത്തിയത്. ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മിയ ജോർജ്, ദീപ്തി സതി, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ തുടങ്ങിയ താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നു

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap