പൊലീസിനെ വാഴ്ത്തി അഞ്ച് സിനിമകള് ചെയ്തതില് ഖേദിക്കുന്നു; സംവിധായകന് ഹരി

പൊലീസിനെ വാഴ്ത്തി അഞ്ച് സിനിമകള്‍ ചെയ്തതില്‍ ഖേദിക്കുന്നതായി സംവിധായകന്‍ ഹരി. തുത്തുകുടിയില്‍ പൊലീസ് കസ്റ്റഡിയില്‍ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തിലാണ് ഹരിയുടെ പ്രതികരണം.

ജൂണ്‍ 28 ന് എഴുതിയ കത്തിലാണ് ഹരി തുത്തുകുടി സംഭവത്തെ അപലപിച്ചത്. ‘സാത്തകുളം സംഭവം തമിഴ്നാട്ടില്‍ മറ്റാര്‍ക്കും സംഭവിക്കരുത്. കുറ്റക്കാരായവരെ കണ്ടെത്തി ഏറ്റവും ഉയര്‍ന്ന ശിക്ഷ നല്‍കുകയെന്നതാണ് ഇതിനുള്ള പരിഹാരം. പൊലീസ് സേനയിലെ ചിലരുടെ പ്രവൃത്തി മുഴുവന്‍ പൊലീസുകാരെയും അപമാനിക്കുകയാണ്. പൊലീസിനെ മഹത്വവത്കരിക്കുന്ന അഞ്ച് സിനിമകള്‍ ചെയ്തതില്‍ ഞാന്‍ ഇന്ന് ഖേദിക്കുന്നു’; എന്നായിരുന്നു ഹരിയുടെ കത്ത്.

2003ല്‍ വിക്രം നായകനായി പുറത്തിറങ്ങിയ പൊലീസ് സ്റ്റോറി ‘സാമി’യിലൂടെയാണ് സംവിധായകന്‍ ഹരി പേരെടുക്കുന്നത്. ഇത് വരെ അഞ്ച് സിനിമകള്‍ സംവിധാനം ചെയ്ത ഹരി അഞ്ചിലും പൊലീസിനെ വാഴ്ത്തിയാണ് കഥ പറഞ്ഞിരുന്നത്. സാമി, സാമി സക്വയര്‍, സിങ്കം, സിങ്കം 2, സിങ്കം 3 എന്നീ ചിത്രങ്ങളില്‍ തമിഴ് നടന്‍ സൂര്യയായിരുന്നു നായകന്‍. 2010ല്‍ റിലീസ് ചെയ്ത സിങ്കം പിന്നീട് നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഹിന്ദിയില്‍ പുറത്തിറങ്ങിയ സിങ്കത്തില്‍ അജയ് ദേവ്ഗണ്‍ ആയിരുന്നു നായകന്‍. സിങ്കത്തില്‍ നായകനായ നടന്‍ സൂര്യയും പൊലീസിനെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു.

ഇതിനോടകം നിരവധി താരങ്ങളാണ് തൂത്തുക്കുടി സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. പ്രിയങ്ക ചോപ്ര, രാജ്കുമാര്‍ റാവു, രാകുല്‍ പ്രീത് സിംഗ്, ദിഷ പടാനി എന്നിവര്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രസ്താവന പുറത്തുവിട്ടിരുന്നു,

തൂത്തുകുടി ജില്ലയിലെ സാത്താന്‍കുളത്തെ മരവ്യാപാരിയായ ജയരാജനെയും, മകന്‍ ഫെനിക്‌സിനെയും ലോക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിന് വെള്ളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും പൊലീസ് കസ്റ്റഡി പീഢനത്തില്‍ കൊല്ലപ്പെടുകയായിരുന്നു എന്നാണ് ആരോപണം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരാത്ത കേസില്‍ പൊതുജന പ്രതിഷേധം ശക്തമാണ്.

.

Share via
Copy link
Powered by Social Snap