പെൺകുട്ടിക്ക് 60,000, ആൺകുട്ടിക്ക് 1.5 ലക്ഷം; സ്ത്രീകളടക്കമുള്ള ‘ദത്ത് റാക്കറ്റ്’ പിടിയിൽ

മുംബൈ ∙ ദത്തെടുത്ത ശേഷം കുഞ്ഞുങ്ങളെ പണത്തിനു വിൽക്കുന്ന റാക്കറ്റിനെ പിടികൂടി മുംബൈ ക്രൈംബ്രാഞ്ച്. ആറു സ്ത്രീകൾ ഉൾപ്പെടെ എട്ടു പേരാണ് അറസ്റ്റിലായത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ അമ്മമാരെ കെണിയിലാക്കിയാണു കുഞ്ഞുങ്ങളെ സംഘം സ്വന്തമാക്കുന്നതെന്നും കണ്ടെത്തി. പെൺകുട്ടികളെ 60,000 രൂപയ്ക്കും ആൺകുട്ടികളെ 1.50 ലക്ഷത്തിനുമാണു വിറ്റത്.

കഴിഞ്ഞ ആറു മാസത്തിനിടെ നാലു കുഞ്ഞുങ്ങളെ സംഘം വിറ്റെന്നു കണ്ടെത്തി. ഈ സംഖ്യ കൂടുതലാകാനാണു സാധ്യതയെന്നാണു പൊലീസിന്റെ നിഗമനം. ഒരു സ്ത്രീ കുഞ്ഞിനെ വിൽക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എസ്ഐ യോഗേഷ് ചാവനയും മനീഷ പവാറുമാണു പ്രതികളെ അറസ്റ്റ് ചെയ്യാൻ നടപടിയെടുത്തത്.

രൂപാലി വർമ വഴി ഒരു പെൺകുഞ്ഞിനെ രുഖ്‌സർ ഷെയ്ഖ് എന്ന സ്ത്രീ വിറ്റതായി അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. ഷാജഹാൻ ജോഗിൽക്കർ എന്ന സ്ത്രീയും തന്റെ കുഞ്ഞിനെ രൂപാലി വർമ വഴി വിറ്റതായി കണ്ടെത്തി. മൂന്ന് സ്ത്രീകളെയും പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു. 2019ൽ തന്റെ പെൺകുഞ്ഞിനെ 60,000 രൂപയ്ക്കും അടുത്തിടെ ജനിച്ച ആൺകുഞ്ഞിനെ 1.5 ലക്ഷം രൂപയ്ക്കും വിൽക്കാൻ രൂപാലി സഹായിച്ചതായി രുഖ്‌സർ ഷെയ്ഖ് പറഞ്ഞു.

ധാരാവിയിലെ കുടുംബത്തിന് 60,000 രൂപയ്ക്കു തന്റെ ആൺകുഞ്ഞിനെ വിറ്റതായി ജോഗിൽക്കറും സമ്മതിച്ചു. ചോദ്യം ചെയ്യലിൽ ഹീന ഖാൻ, നിഷ അഹിർ എന്നീ രണ്ടു സബ് ഏജന്റുമാരുടെ വിവരങ്ങളും രൂപാലി വെളിപ്പെടുത്തി. രുഖ്‌സർ ഷെയ്ഖ്, നിഷ അഹിർ, ഹീന ഖാൻ, ആരതി സിങ്, രൂപാലി വർമ, ഗീതാഞ്ജലി ഗെയ്ക്‌വാദ്, ഷാജഹാൻ ജോഗിൽക്കർ, സഞ്ജയ് പദം എന്നിവർക്കെതിരെ കേസെടുത്തു. മനുഷ്യക്കടത്ത്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

Share via
Copy link
Powered by Social Snap