പേമാരി തുടരും; ജാഗ്രതയിൽ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുദിവസംകൂടി കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചൊവ്വാഴ്ചയും ബുധനാഴ്ചയും അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ചൊവ്വാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള അഞ്ചു ജില്ലകളിൽ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണിത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രതയും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മഞ്ഞ ജാഗ്രതയാണ്.

ബുധനാഴ്ച പത്തു ജില്ലകളിൽ മഞ്ഞ ജാഗ്രത ബാധകമാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണിത്.

അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കു സജ്ജരാകാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശം നൽകി. മുമ്പ് ദുരന്തമുണ്ടായ സ്ഥലങ്ങളിലും ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിലും താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാൻ കളക്ടർമാർക്കു നിർദേശംനൽകി.

ദേശീയ ദുരന്തനിവാരണ സേനയുടെ നിലവിലുള്ള നാലു സംഘങ്ങളെ കൂടാതെ അഞ്ചു സംഘങ്ങളെ അധികമായി ആവശ്യപ്പെടാൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. നാവികസേന, കോസ്റ്റ് ഗാർഡ്, വ്യോമസേന എന്നിവയ്ക്ക് ജാഗ്രതാ നിർദേശം നൽകി. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ സംസ്ഥാന ഇൻസിഡൻറ്് കമ്മ‌ിഷണറായി യോഗം ചുമതലപ്പെടുത്തി.

എറണാകുളത്ത് പത്തും പാലക്കാട്ട് മൂന്നും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആവശ്യമുള്ള സ്ഥലങ്ങളിൽ ക്യാമ്പുകളാരംഭിക്കാൻ ജില്ലാ കളക്ടർമാർക്കു നിർദേശം നൽകി.

ഭീഷണിയായി ഇരട്ട ന്യൂനമർദം

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനമാണ് തുലാവർഷം ഇത്രയും ശക്തമാകാൻ കാരണം. ഈ ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ട്. ന്യൂനമർദം ഇപ്പോൾ മഹാരാഷ്ട്രതീരത്തേക്കു നീങ്ങുകയാണ്. പിന്നീടിത് ഗതിമാറി ഒമാൻ തീരത്തേക്കു പോകുമെന്നാണു വിലയിരുത്തൽ.

ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട്-ആന്ധ്രാ തീരത്തോടു ചേർന്ന് വെള്ളിയാഴ്ചയോടെ മറ്റൊരു ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതു ശക്തിപ്രാപിച്ച് കരയിലേക്കു കടന്നേക്കും. രണ്ടു ന്യൂനമർദങ്ങളും കേരളത്തിൽ മഴ ശക്തമാകാനിടയാക്കും.

കടലിൽ പോകരുത്

അറബിക്കടലിലെ ന്യൂനമർദം കാരണം മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശിയേക്കും. 23 വരെ കേരളതീരത്തുനിന്ന് ഒരു കാരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കേരളം, കർണാടകം, മഹാരാഷ്ട്ര തീരങ്ങളിലും തെക്കുകിഴക്കൻ, മധ്യകിഴക്കൻ അറബിക്കടൽ പ്രദേശങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മാലിദ്വീപ് തീരത്തും കന്യാകുമാരിയും അതിനോടു ചേർന്നുള്ള സമുദ്രപ്രദേശങ്ങളിലും ഈ ദിവസങ്ങളിൽ പോകരുത്.

ഒരു മരണം

മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ വൻനാശം വിതച്ചു. വൈക്കത്ത് സ്കൂട്ടർ യാത്രക്കാരൻ വൈദ്യുതക്കമ്പി പൊട്ടിവീണു മരിച്ചു. കൊതവറ വടക്കേതിൽ തോമസ് ജോസഫ് (70) ആണു മരിച്ചത്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഴ ദുരിതമായത്. എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്‌റ്റേഷനുകളിലെ പാളങ്ങൾ വെള്ളത്തിൽ മുങ്ങി.

സൗത്ത് സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിനോളം വെള്ളമുയർന്നു. നോർത്തിൽ വെള്ളംകയറി ഓട്ടോമാറ്റിക് സിഗ്നലുകൾ തകരാറിലായി. രാവിലെ ആറുമുതൽ തീവണ്ടികൾ കടത്തിവിടാൻ കഴിയാതെയായി. സൗത്ത് സ്‌റ്റേഷൻ ഉച്ചയ്ക്കു മൂന്നിനുശേഷമാണ് ഭാഗികമായി പ്രവർത്തനക്ഷമമായത്. 12 പാസഞ്ചറുകളും നാല് എക്‌പ്രസുകളും റദ്ദാക്കുകയും 26 തീവണ്ടികൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു.

ഇന്ന് റദ്ദാക്കിയ തീവണ്ടികൾ

ചൊവ്വാഴ്ച കണ്ണൂരിൽനിന്ന് പുലർച്ചെ പുറപ്പെടുന്ന തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് (12081), ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി, എറണാകുളത്തുനിന്നു പുറപ്പെടുന്ന പാസഞ്ചർ ട്രെയിനുകളായ ഗുരുവായൂർ-പുനലൂർ (56365), പുനലൂർ-ഗുരുവായൂർ (56366), ഷൊർണൂർ-എറണാകുളം (56361), എറണാകുളം-ആലപ്പുഴ (56379), കായംകുളം-എറണാകുളം (56380), കൊല്ലം-കോട്ടയം (56394), കോട്ടയം-കൊല്ലം (56393) വണ്ടികൾ റദ്ദാക്കി.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap