പൊന്മുടിജലാശയത്തിന്റെ കരയിലെത്തും, കൂട്ടുകാരുമൊന്നിച്ച് മീന്പിടിയ്ക്കും.

ഇടുക്കി: പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ പത്തൊന്‍പതാം വയസിലാണ് വിധി, വില്ലനായി വെള്ളത്തൂവല്‍ പ്ലാക്കുന്നേല്‍ സിജോയുടെ ജീവിതത്തിലേയ്ക്ക് കടന്ന് വന്നത്. സൃഹൃത്തിന്റെ വീട്ടില്‍ തേങ്ങയിടുന്നതിനായി തെങ്ങില്‍ കയറിയപ്പോള്‍, ശാരീക അസ്വാസ്ഥ്യം ഉണ്ടായി, താഴേയ്ക്ക് പതിയ്ക്കുകയായിരുന്നു. 

വീഴ്ചയില്‍ സിജോയുടെ നട്ടെല്ലിന് സാരമായി ക്ഷതമേറ്റു. അരയ്ക്ക് താഴേയ്ക്ക് ചലന ശേഷി നഷ്ടപെട്ടു. അപകടത്തിന് ശേഷം വീല്‍ചെയര്‍ ഉന്തിയാണ്, സിജോ തന്റെ സ്വപ്നങ്ങളെ തേടി യാത്ര ചെയ്യുന്നത്. ആഴ്ചയില്‍ ഒരിയ്ക്കലെങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പം പൊന്‍മുടി ജലാശയത്തിന്റെ തീരത്തെത്തും. 

വീല്‍ചെയറില്‍ ഇരുന്ന് ജലാശയത്തിലേയ്ക്ക് ചൂണ്ട എറിയും. അപകടത്തിന് മുന്‍പ്, വിവിധ ജോലികള്‍ ചെയ്തായിരുന്നു, ഈ യുവാവ് പഠനത്തിനുള്ള തുക കണ്ടെത്തിയിരുന്നത്. ഇതുവരെയുള്ള ചികിത്സാ ചെലവുകള്‍ക്കായി 30 ലക്ഷത്തോളം രൂപ കുടുംബം ചെലവഴിച്ചു. 

അച്ഛൻ കൂലിവേല ചെയ്യുന്നത് മാത്രമാണ് കുടുംബത്തിന്റെ വരുമാനം. ഒരു ഓട്ടോറിക്ഷ വാങ്ങി, അത് ഓടിച്ച് കുടുംബത്തിന് താങ്ങാവണമെന്നാണ് സിജോയുടെ ആഗ്രഹം. വിധിയില്‍ തളരാത്ത, ഈ യുവാവിന്റെ നിശ്ചയദാര്‍ഢ്യത്തിനൊപ്പം ഓട്ടോയും ദൂരങ്ങള്‍ കീഴടക്കുമെന്ന് ഉറപ്പാണ്.

Share via
Copy link
Powered by Social Snap