പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ വാസ്തവ വിരുദ്ധം; സിപിഐ

പ്രതിരോധ മേഖലയെസംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മൻകി ബാത്തിൽ നടത്തിയ പരാമർശങ്ങൾ വാസ്തവവിരുദ്ധമാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിനുമുമ്പ്, പ്രതിരോധ മേഖലയിൽ, നമ്മുടെ രാജ്യം ലോകത്തിലെ മറ്റു പല രാജ്യങ്ങളെക്കാളും മുന്നിലായിരുന്നുവെന്നും ധാരാളം ഓർഡനൻസ് ഫാക്ടറികൾ ഉണ്ടായിരുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. അന്ന് പിന്നിലായിരുന്ന പല രാജ്യങ്ങളും ഇപ്പോൾ നമ്മളെക്കാൾ മുന്നിലാണ്. സ്വാതന്ത്ര്യാനന്തരം, പ്രതിരോധ മേഖലയിൽ കൂടുതൽ മുന്നേറുന്നതിന് ശ്രമങ്ങൾ നടത്തേണ്ടതായിരുന്നുവെങ്കിലും അത് ചെയ്തില്ലെന്നും എന്നാൽ ഇന്ന്, പ്രതിരോധ, സാങ്കേതിക മേഖലകളിൽ മുന്നേറാൻ ഇന്ത്യ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും സ്വാശ്രയത്വത്തിലേക്ക് മുന്നേറുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ഈ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ 18 ഓർഡനൻസ് ഫാക്ടറികൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. ബ്രിട്ടീഷ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ആയുധങ്ങൾ, തോക്കുകൾ, വെടിമരുന്ന് തുടങ്ങിയവ നിർമ്മിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തരം, പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരിന് പ്രതിരോധമേഖലയിൽ സ്വാശ്രയത്വം നേടുന്നതിനെക്കുറിച്ചും പ്രതിരോധ ഉല്പാദനത്തിന്റെ തദ്ദേശീയവൽക്കരണത്തെക്കുറിച്ചും ഒരു കാഴ്ചപ്പാടും ദൗത്യവുമുണ്ടായിരുന്നു. തൽഫലമായി, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളായ എച്ച്എഎൽ, ബെൽ, ബിഡിഎൽ, ബിഇഎംഎൽ തുടങ്ങിയവ സ്ഥാപിച്ചു. ഇന്ന് 41 ഓർഡനൻസ് ഫാക്ടറികളുണ്ട്, അവയിൽ 23 എണ്ണം സ്വാതന്ത്ര്യാനന്തരം സ്ഥാപിതമായതാണ്. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഒരു ഓർഡനൻസ് ഫാക്ടറി പോലും ബിജെപി സർക്കാർ സ്ഥാപിച്ചിട്ടില്ല. യുഎസ്, ഫ്രാൻസ്, ഇറ്റലി, ജർമ്മനി തുടങ്ങി പല വികസിത രാജ്യങ്ങളും നമ്മുടെ രാജ്യത്തിന് പ്രതിരോധ സാങ്കേതികവിദ്യ നൽകാൻ വിസമ്മതിച്ചപ്പോൾ, പഴയ സോഷ്യലിസ്റ്റ് രാജ്യങ്ങളാണ് — പ്രത്യേകിച്ചും അന്നത്തെ സോവിയറ്റ് യൂണിയൻ — ഇന്ത്യയ്ക്ക് സഹായം നൽകുകയും സാങ്കേതികവിദ്യ നൽകുകയും ചെയ്തത്. റഷ്യൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് നമ്മുടെ രാജ്യത്ത് യുദ്ധ ടാങ്കുകൾ നിർമ്മിച്ചത്. ഇന്ന് നമ്മുടെ ഓർഡനൻസ് ഫാക്ടറികൾ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങൾ, വെടിമരുന്ന്, തോക്കുകൾ, പടക്കോപ്പുകൾ, സുരക്ഷാ വസ്ത്രങ്ങൾ, യുദ്ധഭൂമിയിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, കൂടാരങ്ങൾ, പാരച്യൂട്ടുകൾ തുടങ്ങിയവ ഇന്ത്യൻ സായുധ സേനയ്ക്കായി നിർമ്മിക്കുന്നുണ്ട്. ഓർഡനൻസ് ഫാക്ടറികളും പൊതുമേഖലാ സ്ഥാപനങ്ങളും നിർമ്മിക്കുന്ന ആയുധങ്ങൾ, വെടിമരുന്ന്, മറ്റ് ഉപകരണങ്ങൾ എന്നിവ കൊണ്ട് സജ്ജമാണിപ്പോൾ ഇന്ത്യ. അതുകൊണ്ട് ഓർഡനൻസ് ഫാക്ടറികളുടെ സംഭാവനയെ പ്രധാനമന്ത്രിക്ക് ചെറുതാക്കാൻ സാധിക്കില്ല. കോവിഡ് 19 ന്റെ വ്യാപനത്തിനെതിരെ പോരാടുന്നതിന് ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആരോഗ്യജീവനക്കാർക്കും ആവശ്യമായ വിവിധ തരം വ്യക്തിസുരക്ഷാ ഉപകരണങ്ങളും ഓർഡനൻസ് ഫാക്ടറികൾ നിർമ്മിക്കുന്നുണ്ട്. എന്നാൽ പ്രതിരോധ ഉല്പാദനം മുഴുവൻ സ്വകാര്യവത്കരിക്കാനാണ് സർക്കാർ ഇപ്പോൾ പദ്ധതിയിടുന്നത്. പ്രതിരോധത്തിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുമുണ്ട്. സർക്കാരിന്റെ നേരിട്ട് കീഴിലുള്ള 41 ഓർഡനൻസ് ഫാക്ടറികൾ പൊതുമേഖലാ സ്ഥാപനങ്ങളാക്കി മാറ്റാനും സ്വകാര്യവൽക്കരിക്കാനുമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധമേഖല സ്വകാര്യ കോർപ്പറേറ്റുകൾക്ക് കൈമാറുന്നത് ദേശീയ താല്പര്യത്തിന് വിരുദ്ധമാണ്. ശക്തമായി എതിർക്കപ്പെടേണ്ടതുമാണ്. പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കുന്നതിന് ഓർഡനൻസ് ഫാക്ടറികളെയും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തണമെന്നും സർക്കാർ നിയന്ത്രണത്തിലുള്ള നമ്മുടെ തദ്ദേശീയ പ്രതിരോധ വ്യവസായത്തെ ദുർബലപ്പെടുത്തരുതെന്നും ഡി രാജ ആവശ്യപ്പെട്ടു.

Share via
Copy link
Powered by Social Snap