പ്രശസ്ത വയലിനിസ്റ്റും പത്മഭൂഷൻ ജേതാവുമായ ടി.എൻ. കൃഷ്ണൻ അന്തരിച്ചു

പ്രശസ്ത വയലിനിസ്റ്റും പത്മഭൂഷൻ ജേതാവുമായ പ്രൊഫ. ടി.എൻ. കൃഷ്ണൻ(92) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. വയലിനിൽ നാദവിസ്മയം സൃഷ്ടിച്ച കൃഷ്ണൻ, രാജ്യത്തിനകത്തും വിദേശത്തുമായി ഇരുപത്തയ്യായിരത്തിൽ അധികം കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ഭാഗവതർമഠത്തിൽ എ. നാരായണ അയ്യരുടെയും അമ്മിണി അമ്മാളിന്‍റെയും മകനായി 1928 ഒക്ടോബർ ആറിനാണ് ജനനം. അച്ഛനായിരുന്നു സംഗീതത്തിൽ ഗുരു.

മൂന്നാം വയസ്സു മുതൽ വയലിൻ പഠിച്ചു തുടങ്ങിയ കൃഷ്ണൻ, ഏഴാം വയസ്സിൽ പൂർണത്രയീശ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് അനവധി വേദികളിൽ വയലിനിൽ നാദവിസ്മയം തീർത്തു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ ഡോ. എൻ. രാജം, കൃഷ്ണന്‍റെ സഹോദരിയാണ്.

ചെമ്പൈ വൈദ്യനാഥ ഭാഗവതർ, അരിയക്കുടി രാമാനുജ അയ്യങ്കാർ, ശെമ്മാങ്കുടി ശ്രീനിവാസയ്യർ, മുസിരി സുബ്രഹ്മണ്യയ്യർ, മധുരൈ മണി അയ്യർ തുടങ്ങിയ പ്രമുഖർക്കൊപ്പമെല്ലാം വയലിൻ വായിച്ചിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമി വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
പാലക്കാട് നെന്മാറ അയിരൂർ സ്വദേശിനിയായ കമലയാണ് ഭാര്യ.

Share via
Copy link
Powered by Social Snap