പ്രസ്താവന അനുചിതം, എന്നാൽ കോടതിയലക്ഷ്യത്തിന് കേസില്ല, പ്രതികരണവുമായി സൂര്യ

നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നടൻ സൂര്യയ്ക്കെതിരേ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുന്നില്ലെന്ന് മദ്രാസ് ഹെെക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ സൂര്യ നടത്തിയ പ്രസ്‌താവന അനവസരത്തിലുള്ളതും അനാവശ്യവുമാണെന്ന് കോടതി നിരീക്ഷിച്ചു.

ഇപ്പോൾ കോടതിയുടെ വിധിന്യായത്തിൽ പ്രതികരണവുമായി വന്നിരിക്കുകയാണ് സൂര്യ. 

“ഇന്ത്യൻ ജുഡീഷ്യറിയുടെ മഹത്വം എന്നെ വല്ലാതെ ആകർഷിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള ഒരേയൊരു പ്രതീക്ഷയായ ജുഡീഷ്യറിയെ ഞാൻ എന്നും ബഹുമാനിക്കുന്നു. ബഹുമാനപ്പെട്ട മദ്രാസ് ഹൈക്കോടതി പ്രകടിപ്പിച്ച നീതിയും ന്യായവും എന്നെ വിനയാന്വിതനാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു..” സൂര്യ ട്വീറ്റ് ചെയ്തു.

കോവിഡ് പടരുന്ന സാഹചര്യത്തിലും നീറ്റ് പരീക്ഷ നടത്തണമെന്ന കോടതി നിര്‍ദ്ദേശത്തിന് എതിരെയാണ് സൂര്യ രം​ഗത്തെത്തിയത്. രോ​ഗബാധയുടെ ഭീതിയിൽ വിദ്യാർഥികളെ പരീക്ഷ എഴുതാൻ നിർബന്ധിക്കുന്നത് അനീതിയാണെന്നും സൂര്യ പറഞ്ഞു.

കോവിഡ് കാലത്ത് വിർച്വലായി മാറിയ കോടതികളാണ് വിദ്യാർത്ഥികളോട് നീറ്റ് പരീക്ഷ എഴുതാൻ ഉത്തരവിടുന്നതെന്നായിരുന്നു സൂര്യയുടെ പരാമർശം. ഈ പരാമർശത്തിലൂടെ താരം കോടതി നടപടികളെ അവഹേളിച്ചെന്ന് ആരോപിച്ച്  ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യമാണ് സൂര്യയ്ക്ക് എതിരെ സ്വമേധയാ കേസെടുക്കാൻ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമ്രേശ്വർ പ്രതാപ് സാഹിയ്ക്ക് കത്തയച്ചത്. 

Share via
Copy link
Powered by Social Snap