പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ റിമാൻഡിൽ

കോട്ടയം: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കറുകച്ചാൽ നെടുംകുന്നം പതിക്കപ്പടി പടിഞ്ഞാറെ വെങ്ങോലിക്കൽ നിധിൻകുമാർ(19), സുഹൃത്ത് നെടുമണ്ണി തോണിപ്പാറ മടുക്കുഴിയിൽ ഷാരോൺ(21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇവരെ റിമാൻഡ് ചെയ്തു.

പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു പ്രതിയായ നിധിൻ. കഴിഞ്ഞമാസം പതിനാറാം തീയതി പെൺകുട്ടിയെ സുഹൃത്തായ ഷാരോണിന്റെ വീട്ടിൽവെച്ച് പീഡിപ്പിച്ചു.  പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോയും നിധിൻ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു.

ഇതിനു ശേഷം ഇയാൾ പെൺകുട്ടിയെ നിരന്തരം ഫോണിൽ വിളിക്കുകയും താൻ പറയുമ്പോൾ വീണ്ടും എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ,  പെൺകുട്ടി ഇതിനെ എതിർത്തു. തുടർന്ന് വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് നിധിൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാരുടെ അന്യോഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് കറുകച്ചാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Share via
Copy link
Powered by Social Snap