പ്രേതബാധ ഒഴിപ്പിക്കാനെത്തി അധ്യാപികയുടെ മാലയുമായി കടന്ന് കളഞ്ഞ പ്രതി പിടിയിൽ

കോട്ടയം : ബാധ ഒഴിപ്പിക്കാനെത്തി അദ്ധ്യാപികയെ കബളിപ്പിച്ച് മൂന്ന് പവന്‍റെ മാല തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. ഇടുക്കി കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയ്സ് ജോസഫിനെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈസ്‌കൂള്‍ അദ്ധ്യാപികയായ ആര്‍പ്പൂക്കര സ്വദേശിനിയുടെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. സമൂഹമാദ്ധ്യമത്തിലൂടെ അദ്ധ്യാപികയെ പരിചയപ്പെട്ട ജോയ്സ് അവരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ചില ബാധകളാണെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി പൂജകള്‍ ആരംഭിച്ചു. ആദ്യം പൂജകള്‍ നടത്തുന്നതിനിടെ വെള്ളി ആഭരണം ആവശ്യപ്പെട്ടു. പൂജകള്‍ കഴിഞ്ഞ് വെള്ളിമാല തിരിച്ചുകൊടുത്തു. പിന്നീട് മറ്റൊരു കുടത്തില്‍ പൂജാസാധനങ്ങള്‍ക്കൊപ്പം സ്വര്‍ണമാല ഇടാന്‍ ആവശ്യപ്പെട്ടു.

മൂന്ന് പവന്‍റെ സ്വര്‍ണമാല ഊരി ഈ കുടത്തിലിട്ടു. മാലയിട്ട കുടം അടച്ച് തിരികെ ഏല്‍പിച്ചു. ആദ്യം രണ്ടു ദിവസം കഴിഞ്ഞു മാത്രമേ കുടം തുറക്കാവൂ എന്നു പറഞ്ഞ പ്രതി പിന്നീട് അഞ്ച് ദിവസം കഴിഞ്ഞു തുറന്നാല്‍ മതിയെന്നു പറഞ്ഞു. അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ 21 ദിവസം വരെ കാത്തിരിക്കണമെന്നു പ്രതി നിര്‍ദ്ദേശിച്ചു. ഇതില്‍ സംശയം തോന്നിയ വീട്ടമ്മ കുടം തുറന്നപ്പോള്‍ സ്വര്‍ണമാല അതില്‍ കണ്ടില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പ്രതി അദ്ധ്യാപികയുമായി സൗഹൃദം സ്ഥാപിച്ചത്. ഡേവിഡ് ജോണ്‍ എന്നായിരുന്നു ഫേസ്ബുക്കിലെ പേര്. സമാനമായ രീതിയില്‍ നിരവധി സ്ത്രീകളെ പ്രതി കബളിപ്പിച്ചതായുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ജോയ്സ് ജോസഫ്.

Share via
Copy link
Powered by Social Snap