പൗരത്വ ബില് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തള്ളി

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം രാജ്യസഭ വോട്ടിനിട്ട് തള്ളി. 124 അംഗങ്ങള്‍ സെലക്ട് കമ്മിറ്റിക്ക് വിടുന്നതിനെ എതിര്‍ത്ത് വോട്ടുചെയ്തു. 99 അംഗങ്ങള്‍ അനുകൂലിച്ചു. സിപിഎം എം.പി കെ.കെ രാഗേഷാണ് പ്രമേയം അവതരിപ്പിച്ചത്.

പൗരത്വ ബില്‍ ആരെയെങ്കിലും വേദനിപ്പിക്കുകയോ ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് അനീതി നേരിടേണ്ടി വരുമെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ അത് അടിസ്ഥാന രഹിതമാണെന്നും അമിത് ഷാ പറഞ്ഞു. തുടര്‍ന്നാണ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടുന്നത് സംബന്ധിച്ച വോട്ടെടുപ്പ് നടന്നത്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ 5000 അര്‍ധ സൈനികരെ അയച്ചിട്ടുണ്ട്. ജമ്മു കശ്മീരില്‍ വിന്യസിച്ചിരുന്ന 2000 അര്‍ധ സൈനികര്‍ അടക്കമുള്ളവരാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പോയത്. അതിനിടെ, പൗരത്വ ബില്ലിനെതിരായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ അസമിലെ ഗുവഹാട്ടിയില്‍ അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

ബുധനാഴ്ച വൈകീട്ട് 6.15 ന് കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. സ്ഥിതികള്‍ വിലയിരുത്തിയശേഷം കര്‍ഫ്യൂ എപ്പോള്‍ പിന്‍വലിക്കണം എന്നത് സംബന്ധിച്ച തീരുമാനം എടുക്കുമെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പൗരത്വ ബില്ലിനെതിരായ പ്രതിഷേധവുമായി ആയിരക്കണക്കിന് പേരാണ് അസമില്‍ തെരുവിലിറങ്ങിയത്. പലസ്ഥലത്തും അവര്‍ പോലീസുമായി ഏറ്റുമുട്ടി. 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap