പൗരത്വ ഭേദഗതി ബിൽ ഭരണഘടനയ്ക്കെതിരായ ആക്രമണമാണ്; രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയെ കടന്നാക്രമിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ പുതിയ സഖ്യകക്ഷി ശിവസേന ലോക്സഭയിൽ ബില്ല് പാസാക്കാൻ കൈ പൊക്കിയതിനു പിന്നാലെയാണ് രാഹുലിന്റെ രൂക്ഷ വിമർശനം. ബില്ലിനെ പിന്തുണയ്ക്കുന്നവർ നമ്മുടെ രാജ്യത്തിന്റെ അടിത്തറ നശിപ്പിക്കുകയും അതിനെ ആക്രമിക്കുകയും ചെയ്യുകയാണെന്ന് രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം.
പൗരത്വ ഭേദഗതി ബിൽ ഇന്ത്യൻ ഭരണഘടനയ്ക്കെതിരായ ആക്രമണമാണ്. ഈ ആക്രമണത്തെ ആര് പിന്തുണച്ചാലും അത് നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ തകർക്കാനുള്ള ശ്രമമാണെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. പൗരത്വ ഭേദഗതി ബിൽ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ തിരിവാണെന്ന് മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള രാജ്യാന്തര യുഎസ് ഫെഡറൽ കമ്മിഷനും കുറ്റപ്പെടുത്തിയിരുന്നു.
ലോക്സഭയിൽ ബിൽ പാസാക്കിയത് അസ്വസ്ഥതപ്പെടുത്തുന്നതായും യുഎസ് ഫെഡറൽ കമ്മിഷൻ പ്രസ്താവനയിൽ പറഞ്ഞു. ബിൽ പാർലമെന്റിൽ പാസായാൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെയും മറ്റു പ്രധാന നേതാക്കൾക്കെതിരെയും ഉപരോധം ഏർപ്പെടുത്തുന്നത് യുഎസ് സർക്കാർ പരിഗണിക്കണമെന്നും യുഎസ് കമ്മിഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആർഎഫ്) ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് പൗരത്വ നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയത്. 80ന് എതിരേ 311 വോട്ടിനാണ് ബിൽ പാസായത്. 391 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു.