ഫുട്ബോൾ ഇതിഹാസം മറഡോണ അന്തരിച്ചു

ബ്യൂണഴ്സ് അയേഴ്സ്: ഫുട്ബോൾ ഇതിഹാസം ഡിഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. അർജന്‍റീനിയൻ മാധ്യമങ്ങളാണ് മരണ വിവരം പുറത്തുവിട്ടത്. വിഷാദ രോഗത്തിന്‍റെ ലക്ഷണങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മറഡോണ വിഷമത്തിലാണെന്നും ഭക്ഷണം കഴിക്കാൻ തയാറാകുന്നില്ലായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ വക്താക്കൾ അറിയിച്ചിരുന്നു.

അർജന്‍റീനയിലെ ബ്യൂണസ് ഐറിസിൽ നിന്ന് 40 കിലോ മീറ്റർ അകലെയുള്ള ലാ പ്ലാറ്റയിലെ സ്വകാര്യ ക്ലിനിക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ഒക്‌ടോബർ 30 നായിരുന്നു അദ്ദേഹത്തിന്‍റെ ജന്മദിനം. ഈ മാസം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ അദ്ദേഹത്തിന് പിൻവാങ്ങൽ ലക്ഷണങ്ങളും (വിത്ത്ഡ്രോവൽ സിംപ്റ്റംപസ്) ഉണ്ടായിരുന്നു. 

ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോൾ താരമായിരുന്നു അദ്ദേഹം. 1986 ൽ അർജന്‍റീനയെ അദ്ദേഹം ലോകകപ്പ് ജേതാക്കളാക്കി. ബൊക്കാ ജൂനിയേഴ്സ്, നാപ്പോളി, ബാഴ്സലോണ തുടങ്ങി വമ്പൻ ക്ലബുകൾക്കായും അദ്ദേഹം ബൂട്ടുകെട്ടിയിട്ടുണ്ട്. 

1960 ഒക്ടോബർ 30ന് അർജന്‍റീനയിലെ ബ്യൂണസ് അയേഴ്സിലാണ് അദ്ദേഹം ജനിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു. അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്‍റീനയ്ക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്. 1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്‍റീനക്കു വേണ്ടി കളിച്ചിട്ടുണ്ട്.

അതിൽ 1986ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജന്‍റീന ടീം ഫൈനലിൽ പശ്ചിമ ജർമനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടി. മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണയെ തേടിയെത്തുകയും ചെയ്തു. ഈ ടൂർണമെന്‍റിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിൽ ഇടംപിടിച്ചു.

റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ ദൈവത്തിന്‍റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്‍റെ ഗോൾ എന്നും വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്‍റീന ഇംഗ്ലണ്ടിനെ തോൽപ്പിച്ചു.

Share via
Copy link
Powered by Social Snap