ഫ്ലാറ്റുകള് നഗരസഭയ്ക്ക് ഒറ്റയ്ക്ക് പൊളിക്കാന് സാധിക്കില്ലെന്ന് മരട് മുൻസിപ്പൽ ചെയർപേഴ്സൺ

കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ നഗരസഭയ്ക്ക് ഒറ്റയ്ക്ക് പൊളിക്കാന്‍ സാധിക്കില്ലെന്ന് മരട് മുന്‍സിപ്പല്‍  ചെയര്‍പേഴ്‍സണ്‍ ടി എച്ച് നദീറ.  കളക്ടറുമായി കൂടിയാലോചിച്ച്  തീരുമാനം എടുക്കുമെന്നും അടിയന്തര കൗണ്‍സില്‍ യോഗം ചേരുമെന്നും ചെയര്‍പേഴ്‍സണ്‍ പറഞ്ഞു. സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ മരടിലെ ഫ്ലാറ്റുകളിലെ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്‍റെ കത്തിനോട് പ്രതികരിക്കുകയായിരുന്നു നദീറ.

ഫ്ലാറ്റുകൾ പൊളിക്കാനുള്ള ദൗത്യം ഏറ്റെടുക്കാൻ പറ്റാത്ത സാഹചര്യമാണ് നഗരസഭക്ക് ഉള്ളതെന്ന് നേരത്തേ ചെയര്‍പേഴ്‍സണ്‍ വ്യക്തമാക്കിയിരുന്നു.  ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാൻ  30 കോടി രൂപയെങ്കിലും വേണമെന്നും ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുള്ളതാണെന്നും ചെയര്‍പേഴ്‍സണ്‍ ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. മരടിലെ അഞ്ച് ഫ്ലാറ്റുകൾ ഈ മാസം  20നകം പൊളിച്ചുമാറ്റണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സെപ്റ്റംബർ 23ന് ചീഫ് സെക്രട്ടറി കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 20 നകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നയിപ്പും സുപ്രീംകോടതി നൽകിയിട്ടുണ്ട്. 

ഇതിന്‍റെ പശ്ചാത്തലത്തില്‍ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാൻ സര്‍ക്കാര്‍ നടപടി തുടങ്ങിയിരിക്കുകയാണ്. ഫ്ലാറ്റിലെ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ കളക്ടർക്കും മരട് നഗരസഭയ്ക്കും സര്‍ക്കാര്‍  കത്തയച്ചിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. ഇക്കാര്യത്തിൽ മരട് നഗരസഭയ്ക്ക് എല്ലാ സഹായവും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. താമസക്കാരുടെ പുനരധിവാസം ജില്ലാ കളക്ടറുമായി ആലോചിച്ചു തീരുമാനിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap