ബംഗളൂരുവിൽ യുവാവ് ആറു പേരെ കുത്തിവീഴ്ത്തി, ഒരാൾ മരിച്ചു

ബംഗളൂരു: നഗരത്തിലെ കശാപ്പു ശാലയിൽ നിന്നു കത്തി തട്ടിയെടുത്ത യുവാവ് മുന്നിൽക്കണ്ടവരെയെല്ലാം കുത്തിവീഴ്ത്തി. ഒരാൾ മരിച്ചു. ആറു പേർക്കു പരുക്കേറ്റു. അഞ്ജനപ്പ ഗാർഡനിലെ കോട്ടൺപെട്ട് സ്വദേശി ഗണേഷാ(30)ണ് ഇന്നലെ രാവിലെ മണിക്കൂറുകളോളം നഗരത്തെ ഭീതിയിലാഴ്ത്തിയത്. രണ്ടു കിലോമീറ്റർ പരിധിക്കുള്ളിൽ കത്തിയുമായി ഓടിനടന്ന് മുന്നിൽ കിട്ടിയവരെയെല്ലാം ആക്രമിക്കുകയായിരുന്നു.

രാവിലെ ഇറച്ചിവാങ്ങാനായി കടയിലെത്തിയ ഇയാൾ കശാപ്പുകാരൻ മാറിയ തക്കം നോക്കി കത്തിയുമായി ഓടുകയായിരുന്നു. ആളുകൾ വിവരമറിയിച്ചതിനെത്തുടർന്നു പൊലീസ് എത്തി ഇയാളെ കീഴ്പ്പെടുത്തി. ഗണേഷിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നു വീട്ടുകാർ പറഞ്ഞു. കൂലിത്തൊഴിലാളിയായ മാരി എന്ന മുപ്പതുകാരനാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. മറ്റുള്ളവർ അപകടനില തരണം ചെയ്തു.

Share via
Copy link
Powered by Social Snap