ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയുടെ ഡ്രൈവറെ ചോദ്യം ചെയ്തേക്കും

ബംഗളൂരു ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിയ്ക്കെതിരെ വീണ്ടും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നീക്കം. ബിനീഷിന്‍റെ ഡ്രൈവറായ അനി കുട്ടനെയും സുഹൃത്ത് എസ്. അരുണിനെയും ചോദ്യം ചെയ്യണം. ഇവർ രണ്ടുപേരും ബിനീഷിന്‍റെ അക്കൗണ്ടിൽ ഭീമമായ തുക നിക്ഷേപിച്ചിട്ടുണ്ടെന്ന് ഇ.ഡി കണ്ടെത്തി. ഇന്നലെ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

രണ്ട് തവണ നൽകിയ കസ്റ്റഡി റിപ്പോർട്ടിലും ഇന്നലെ നൽകിയ റിമാൻഡ് റിപ്പോർട്ടിലും ബിനീഷ് കോടിയേരിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇ.ഡി ഉന്നയിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിൽ ഡ്രൈവറായ അനിക്കുട്ടനും സുഹൃത്ത് അരുണും ബിനീഷിന്‍റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ ഉറവിടം അറിയാൻ രണ്ടു പേരെയും ചോദ്യം ചെയ്യണം. അനൂപിന്‍റെ പേരിലുള്ള ഡെബിറ്റ് കാർഡ് വഴിയാണ് ഇടപാട് നടന്നിട്ടുള്ളത്. ഇതിന്‍റെ ഉറവിടം വെളിപ്പെടുത്താൻ ബിനീഷ് തയ്യാറായിട്ടില്ല.

ബിനീഷിന്‍റെ വീട്ടിൽ നിന്നും കണ്ടെത്തിയ ഡിജിറ്റൽ തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്കയച്ചുവെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ബിനീഷിനെ പുറത്തുവിട്ടാൽ സാമ്പത്തിക ഇടപാടുകൾ നടത്തിയവരെ സ്വാധീനിക്കാനും രാജ്യംവിടാനും സാധ്യതയുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ രേഖാമൂലം അറിയിച്ചു. ഇതുകൂടി കണക്കിലെടുത്താണ് ബിനീഷിനെ ബംഗളൂരു സിറ്റി സെഷൻസ് കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാൻഡു ചെയ്തത്. പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ബിനീഷിന്‍റെ ജാമ്യാപേക്ഷ 18ന് കോടതി പരിഗണിയ്ക്കും.

Share via
Copy link
Powered by Social Snap