ബംഗാള് ഉള്ക്കടലില് ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും; സംസ്ഥാനത്ത് മഴ ശക്തമാകാന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകാന്‍ സാധ്യത. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മലയോര മേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. തുലാവര്‍ഷത്തോട് അനുബന്ധിച്ചാണ് മഴ ശക്തമാകുന്നത്. 

ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് നിലവില്‍ തടസ്സമില്ല. 

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്. നാളെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക് നീങ്ങുന്നു. 137.55 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ വൈകിട്ടോടെ മഴ ശക്തമായി. ഒരു സെക്കന്‍ഡില്‍ ഡാമിലേക്ക് ഒഴുകി എത്തുന്ന ശരാശരി വെള്ളം 3450 ഘനയടിയാണ്. 

കൂടുതല്‍ വെള്ളം കൊണ്ടു പോകണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് ഇതുവരെ  വര്‍ധിപ്പിച്ചിട്ടില്ല. അതിനിടെ ഡാമിന്‍റെ സ്ഥിതി വിലയിരുത്താന്‍ ഇടുക്കി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് ഉദ്യോഗസ്ഥതല യോഗം ചേരും. എ.ഡി.എം,ജില്ലാ പൊലിസ് മേധാവി,തഹസില്‍ദാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാറില്‍ വച്ചാണ് യോഗം ചേരുക.

Share via
Copy link
Powered by Social Snap