ബന്ധുനിയമനം: കെ.ടി ജലീൽ സുപ്രീം കോടതിയിൽ

തിരുവനന്തപുരം: ബന്ധുനിയമന കേസിലെ ഹൈക്കോടതി വിധിക്കെതിരെ മുൻ മന്ത്രി കെ.ടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്ന് ഹർജിയിൽ കെ.ടി ജലീൽ ആരോപിക്കുന്നു. നിയമനത്തിൽ സ്വജനപക്ഷപാതം ഇല്ലെന്നും ലോകായുക്ത റിപ്പോർട്ട് റദ്ദ് ചെയ്യണമെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ബന്ധുവായ കെ.ടി അദീപിനെ ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജറായി നിയമിച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു ലോകായുക്തയുടെ ഉത്തരവ്.

ഈ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഈ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് ജലീൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്നും ഹർജിയിൽ ജലീൽ ചൂണ്ടിക്കാട്ടി. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ ഉത്തരവ്. 

Share via
Copy link
Powered by Social Snap