ബഹിരാകാശ ഗവേഷണത്തിന് സ്വകാര്യ സംരംഭകരും, സ്വാഗതം ചെയ്ത് ഇസ്രൊ

ബംഗളൂരു: ബഹിരാകാശമേഖലയിലും സ്വകാര്യ സംരംഭകർക്ക് അവസരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം രാജ്യത്തെ ബഹിരാകാശ മേഖലയിൽ പുതു യുഗത്തിനു തുടക്കമാകുമെന്ന് ഇസ്രൊ ഡയറക്റ്റർ കെ. ശിവൻ. നിർമാണം, റോക്കറ്റ് – ഉപഗ്രഹ വിക്ഷേപണം, ബഹിരാകാശ മേഖലയെ അടിസ്ഥാനമാക്കിയുള്ള വാണിജ്യ സേവനങ്ങൾ എന്നിവയിലേക്ക് പുതിയ സംരംഭകർ കടന്നുവരുന്നത് നല്ലതാണ്.

അത്യാധുനിക ബഹിരാകാശ ഗവേഷണ സംവിധാനങ്ങളുള്ള ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പുതിയ തീരുമാനം ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട വ്യവസായരംഗത്തിന് കരുത്താകും. ഇസ്രൊയുടെ നയവുമായി ചേർന്നുപോകുന്നതാണ് സർക്കാർ തീരുമാനമെന്നും ശിവൻ. കേന്ദ്ര സർക്കാർ തീരുമാനത്തെ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുന്നു. ആഗോള ബഹികാരാശ സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയെ നിർണായക സ്ഥാനത്തെത്തിക്കാൻ പുതിയ തീരുമാനത്തിനു കഴിയുമെന്നും ശിവൻ പറഞ്ഞു.

ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ബഹിരാകാശ ഗവേഷണ, വ്യവസായ മേഖലയിൽ സ്വകാര്യ സംരംഭകർക്ക് കൂടുതൽ അവസരം നൽകാൻ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി രൂപീകരിക്കുന്ന ഇന്ത്യൻ നാഷണൽ സ്പെയ്സ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്‍ററിന് (ഇൻ- സ്പെയ്സ്) കേന്ദ്രമന്ത്രിസഭഅനുമതി നൽകി.

Share via
Copy link
Powered by Social Snap