ഭാര്യയെയും അമ്മയെയും കൊന്ന കേസിൽ മുൻ ഇന്ത്യൻ അത്ലറ്റ് അറസ്റ്റിൽ

വാഷിങ്ടൺ: ഇന്ത്യയുടെ മുൻ ഏഷ്യൻ ചാംപ്യൻഷിപ്പ് വെങ്കല ജേതാവ് ഇക്ബാൽ സിങ് കൊലപാതകക്കേസിൽ അമെരിക്കയിൽ അറസ്റ്റിലായി. ഭാര്യയെയും അമ്മയെയും കൊന്ന കേസിലാണ് അറസ്റ്റെന്ന് മാധ്യമ റിപ്പോർട്ടുകൾ. പെൻസിൽവാനിയയിലെ ഡെലവെയർ കൗണ്ടിയിലാണ് അറുപത്തിരണ്ടുകാരനായ ഇക്ബാൽ സിങ് താമസിക്കുന്നത്.

ഞായറാഴ്ച രാവിലെ പൊലീസിനെ വിളിച്ച് രണ്ടു പേരെയും താൻ വധിച്ചതായി സിങ് അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഇക്ബാൽ സിങ്ങിനെയാണ് ആദ്യം കണ്ടത്. സ്വയമുണ്ടാക്കിയ മുറിവുകളിൽ നിന്നാണു രക്തം വാർന്നിരുന്നത്. അകത്ത് രണ്ടു സ്ത്രീകളുടെ മൃതദേഹങ്ങളും കണ്ടെത്തി. തിങ്കളാഴ്ചയാണ് സിങ്ങിനെതിരേ കൊലക്കുറ്റം ചുമത്തിയത്. കോടതി ജാമ്യം നിഷേധിച്ചു. ഇക്ബാൽ സിങ് അഭിഭാഷകനെ വച്ചിട്ടുണ്ടോ എന്നതിൽ വ്യക്തത വന്നിട്ടില്ല.

1983ൽ കുവൈറ്റിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയ ഷോട്ട്പുട്ട് താരമാണ് ഇക്ബാൽ സിങ്. പിന്നീടാണ് യുഎസിലേക്കു താമസം മാറ്റിയത്. അവിടെ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു എന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്വയം വരുത്തിയ മുറിവുകൾക്കു ചികിത്സിക്കാൻ ഇക്ബാൽ സിങ്ങിനെ പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിലാക്കിയിട്ടുണ്ട്. 

റോക്ക് വുഡ് റോഡിലെ സിങ്ങിന്‍റെ വസതിയിലെ ഒന്നാം നിലയിൽ കഴുത്തിൽ മുറിവുകളോടെയാണ് അമ്മ നസീബ് കൗർ മരിച്ചു കിടന്നിരുന്നത്. ഇതേതരത്തിൽ മുറിവേറ്റ് മുകളിലത്തെ നിലയിലായിരുന്നു ഭാര്യ ജസ്പാൽ കൗർ കിടന്നിരുന്നത്. എന്തിനാണ് ഇക്ബാൽ സിങ് ഈ പാതകം ചെയ്തതെന്നു വ്യക്തമായിട്ടില്ല.

മുൻപ് ക്രിമിനൽ ബന്ധങ്ങളൊന്നും ഇക്ബാൽ സിങ്ങിനില്ലെന്നു പൊലീസ് പറയുന്നു. പൊലീസിനെ വിവരം അറിയിക്കും മുൻപ് മകനെയും മകളെയും വിളിച്ച് ഇക്ബാൽ സിങ് രണ്ടു പേരെയും താൻ കൊന്നതായി ഫോണിലൂടെ പറഞ്ഞിരുന്നു. പൊലീസിനെ വിളിച്ച് വിവരം അറിയിക്കാനും മകനോടു പറഞ്ഞു.

Share via
Copy link
Powered by Social Snap