ഭീകരർക്കു പണമെത്തിക്കുന്നു; കശ്മീരിൽ മനുഷ്യാവകാശ പ്രവർത്തകൻ അറസ്റ്റിൽ

ന്യൂഡൽഹി: ഭീകരപ്രവർത്തനത്തിനു പണം സ്വരൂപിക്കുകയും കൈമാറുകയും ചെയ്ത കേസിൽ ജമ്മു കശ്മീരിലെ മനുഷ്യാവകാശ പ്രവർത്തകൻ ഖുറാം പർവേസിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ശ്രീനഗറിലെ പർവേസിന്‍റെ വസതിയിൽ നടത്തിയ റെയ്ഡിനെത്തുടർന്നാണ് അറസ്റ്റ്. ജമ്മു കശ്മീർ പൊലീസിന്‍റെയും സിആർപിഎഫിന്‍റെയും സഹായത്തോടെയായിരുന്നു എൻഐഎയുടെ നടപടി. തിങ്കളാവ്ച ശ്രീനഗറിൽ പർവേസിന്‍റെ ഓഫിസിലും പരിശോധന നടത്തിയിരുന്നു. ഇയാൾക്കെതിരേ യുഎപിഎ ചുമത്തി.

കഴിഞ്ഞ മാസം പർവേസിന്‍റെ വീടും ഓഫിസുമുൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ എൻ‌ഐഎ റെയ്ഡ് നടത്തിയിരുന്നു. 2016ൽ ഇയാൾക്കെതിരേ പൊതു സുരക്ഷാ നിയമം ചുമത്തിയിരുന്നു. യുഎൻ മനുഷ്യാവകാശ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് സ്വിറ്റ്സർലൻഡിലേക്കു പോകാനിരിക്കെയായിരുന്നു അന്ന് അറസ്റ്റ്.

തുടർന്ന് 76 ദിവസം ജയിലിലായിരുന്നു. അജ്ഞാത സാഹചര്യങ്ങളിൽ കാണാതാകുന്നവർക്കു വേണ്ടിയുളള എഎഫ്എഡി എന്ന സംഘടനയുടെ അധ്യക്ഷനാണു പർവേസ്. ജമ്മു കശ്മീർ പൗര സമൂഹ കൂട്ടായ്മയുടെ കോ ഓർഡിനേറ്ററുമാണ്. 2014 പാർലമെന്‍റ് തെരഞ്ഞെടുപ്പിനിടെ കുഴിബോംബ് പൊട്ടിത്തെറിച്ച് ഒരു കാൽ നഷ്ടമായിരുന്നു.

Share via
Copy link
Powered by Social Snap