മകന് ജീവന് പകുത്ത് നല്കാനാകാതെ മാധവിയമ്മ യാത്രയായി

കാസര്‍ഗോഡ്: തന്‍റെ ജീവന്‍ പകുത്ത് നല്‍കി മകനൊരു ജീവിതം നല്‍കാന്‍ മാധവിയമ്മ തയ്യാറായിരുന്നു. പക്ഷെ വിധിയുടെ ക്രൂരതയില്‍ ആ ആഗ്രഹം സാക്ഷാല്‍ക്കരിക്കാനാവാതെ പാലക്കീല്‍ മാധവിയമ്മ യാത്രയായി. ഇരു വൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടി നില്‍ക്കുകയായിരുന്നു മകനും ഓട്ടോഡ്രൈവറുമായിരുന്ന ബാലന്‍ പാലക്കീല്‍. ആഴ്ചയില്‍ രണ്ടുപ്രാവശ്യം ഡയാലിസിസ് ചെയ്തുവരുന്ന ബാലന് വൃക്ക മാറ്റിവയ്ക്കലല്ലാതെ വേറൊരു മാര്‍ഗവുമില്ലായിരുന്നു.

ഇതോടെ നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വിധുബാല പ്രസിഡന്‍റായും ഗോപകുമാര്‍ കണ്‍വീനറായും ചികില്‍സാ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. വൃക്ക മാറ്റിവെക്കുന്നതിനും തുടര്‍ ചികിത്സയ്ക്കും മറ്റുമായി ഏകദേശം 40 ലക്ഷത്തോളം രൂപ പിരിച്ചെടുത്തുവരികയായിരുന്നു. അതിനിടെ മകന് വൃക്ക നല്‍കാന്‍ മാധവിയമ്മ തയ്യാറായതോടെ അതിനുവേണ്ടിയുള്ള എല്ലാപരിശോധനയും നടത്തിയിരുന്നു. വീണ്ടും പരിശോധനക്കായി ഡോക്റ്ററെ കണാന്‍ ചെന്നപ്പോഴാണ് മാധവിയമ്മയ്ക്ക് മാരകമായ രോഗബാധിച്ചിടുണ്ടെന്ന കാര്യം ഡോക്റ്റര്‍ അറിയിച്ചത്.

ഒരാഴ്ചക്ക് ശേഷം വൃക്കദാനം ചെയ്യാനുള്ള ഒരുക്കത്തിലുമായിരുന്നു എല്ലാവരും. തുടര്‍ന്ന് ചികില്‍സ നടത്തുന്നതിനിടയിലാണ് ആഗ്രഹം സാക്ഷാല്‍ക്കരിക്കാനാവാതെ മാധവിയമ്മ കഴിഞ്ഞ ദിവസം രാവിലെ വിടപറയുന്നത്. ഉച്ചയോടെ വീട്ടുവളപ്പില്‍ തന്നെ സംസ്‌കാരം നടത്തി. കൂവാറ്റി കോട്ടക്കുന്ന് പരേതരായ രാമന്‍ നായരുടയും പാലക്കീല്‍ മാണിയമ്മയുടെയും മകളാണ്.

Share via
Copy link
Powered by Social Snap