മകാരം മത്തായി എന്ന ‘മ’യുടെ മലവെള്ളപ്പാച്ചില്

ണ്ണില്‍  മനുഷ്യൻ കണ്ടുപിടിച്ച അക്ഷരങ്ങളിൽ ഒന്നാം സ്ഥാനമാണ് ‘മ’യ്ക്ക് എന്നതിൽ മകാരം മത്തായിക്ക് സംശയമില്ല. മന്നിലാദ്യത്തെ മഹാകാവ്യം തുടങ്ങുന്നത് ‘മ’യിലാണ് -മാനിഷാദ. മാനവരാശിയെ മഹത്ത്വപൂർണമാക്കി മാറ്റുന്നതിൽ മറ്റെന്തിനെക്കാളും മർമപ്രാധാന്യം മകാരത്തിനുണ്ടെന്ന മഹാസത്യം മനസ്സിലാക്കി മുന്നേറേണ്ടവരാണ് മലയാളനാട്ടിലെ മുഴുവൻ മനുഷ്യരെന്നും മത്തായി പറയുന്നു. 

മന്ത്രാക്ഷരമായ മകാരത്തിന്റെ മാഹാത്മ്യവും മാതൃഭാഷയായ മലയാളത്തിന്റെ മഹിമയും മാധുര്യവും മറ്റുള്ളവരുടെ മനസ്സിലേക്കെത്തിക്കുന്നതിനുള്ള മഹായജ്ഞത്തിൽ മുഴുകിയിരിക്കുകയാണ് മലബാറുകാരനായ മകാരം മത്തായി. മൂന്ന് മണിക്കൂറോളം ‘മ’യിലൂടെ മാത്രം മൊഴിഞ്ഞും മുമ്പിലിരിക്കുന്നവരുടെ മുഴുവൻ ചോദ്യങ്ങൾക്കും ‘മ’യിലൂടെ മറുപടിയേകിയും മാനവരെ മധുരാനുഭൂതിയിൽ മയക്കാനുള്ള മാന്ത്രികവിദ്യയുമായി മകാരം മത്തായി മലയാളക്കരയിലും മറുനാടുകളിലും മൈക്കിന് മുന്നിൽ മിന്നിനിന്നൊരു കാലം ഉണ്ടായിരുന്നു. 

ഇംഗ്ലീഷിലും മലയാളത്തിലും ഒരേ വർണത്തിൽ തുടങ്ങുന്നതും ഒരേ അർഥത്തിലുള്ളതുമായ വാക്കുകൾ പലതുണ്ടെന്ന്‌ മത്തായി. മരുന്ന്(മെഡിസിൻ), മന്ത്രി(മിനിസ്റ്റർ), മല(മൗണ്ടേൻ), മനസ്സ്(മൈൻഡ്‌), മാന്ത്രികൻ(മജീഷ്യൻ), മാംസം(മീറ്റ്), മാങ്ങ(മാംഗോ), മാസിക(മാഗസിൻ), മാധ്യമം(മീഡിയം), മാതൃക(മോഡൽ), മൂഷികൻ(മൗസ്), മാംഗല്യം(മാര്യേജ്), മീശ(മുസ്താഷ്)… ഇങ്ങനെ മലയാളത്തിലും ഇംഗ്ലീഷിലും മകാരത്തിൽ തുടങ്ങുന്ന, ഒരേ അർഥം വരുന്ന പദങ്ങൾ എണ്ണിയാൽ തീരില്ലെന്ന് മത്തായി തെളിവുകൾ നിരത്തുന്നു.  

സംഗീതോപകരണങ്ങളിൽ മകുടി, മണിവീണ, മൃദംഗം, മദ്ദളം, മിഴാവ്, മുരളി… ഇങ്ങനെ പോകുന്നു ‘മ’യുമായുള്ള പൊക്കിൾക്കൊടിബന്ധം. മലയാള സിനിമാതാരങ്ങളിലെ ‘മ’യും അറിയേണ്ടതുണ്ട്. മമ്മൂട്ടിയും മോഹൻലാലും മധുവും മുരളിയും മുകേഷും മാളയും മേനകയും മഞ്ജുവും മാധവിയും തുടങ്ങി 43 താരങ്ങൾ ‘മ’യിൽ പേര് തുടങ്ങുന്നവരാണ്. മണവാട്ടി, മദാലസ, മണിച്ചിത്രത്താഴ്, മലപ്പുറം ഹാജി തുടങ്ങി മാർഗംകളി വരെ ആയിരത്തിലേറെ സിനിമാപേരുകളും ‘മ’ വിടാത്തവയാണ്. മാനെന്നും വിളിക്കില്ല…മയിലെന്നും വിളിക്കില്ല, മാനസേശ്വരീ മാപ്പുതരൂ… മുതൽ മാണിക്യമലരായ… അടക്കമുള്ള മകാരപ്പാട്ടുകൾ പാടിയാൽ തീരില്ല. സിനിമാ സംഘടനയായ ‘അമ്മ’യിലും ‘മാക്ട’യിലും ‘മ’മയമാണ്. 

മലയാള മാധ്യമങ്ങളിലെ മകാരമേധാവിത്വവും മത്തായി മറച്ചുവെക്കുന്നില്ല. മാതൃഭൂമി ഉൾപ്പെടെ നൂറിലേറെ മലയാള പ്രസിദ്ധീകരണങ്ങളുടെ പേരിൽ ‘മ’യ്ക്ക് മുന്തിയ സ്ഥാനമാണുള്ളത്. മാനവമേനിയിലെ മുഖ്യഭാഗങ്ങളുടെയെല്ലാം മുന്നിൽ ‘മ’യാണ്. മണ്ട, മസ്തിഷ്‌കം, മജ്ജ, മർമങ്ങൾ, മണിബന്ധം, മറുക്, മാറിടം, മാംസം, മിഴി, മീശ, മുടി, മുട്ട്, മുഖം, മുതുക്, മൂക്ക്, മൂർധാവ്, മോണ തുടങ്ങി എഴുതാനും പറയാനും നാണിക്കേണ്ടവയടക്കം പട്ടിക നീളുമെന്ന് മത്തായി വിവരിക്കുന്നു. മാനംകെട്ടും മനുഷ്യൻ ‘മണി’ നേടിയാൽ മാനക്കേടാ ‘മണി’ മാറ്റിക്കൊള്ളുമെന്നത് മാലിന്യത്തിൽ മുങ്ങുന്നവർ മറക്കാത്ത മന്ത്രവാക്യമാണെന്നും അദ്ദേഹം പറയുന്നു. 

മ’കൊണ്ടൊരു മാലകോർക്കൽ

അമ്പതാം വയസ്സിലാണ് മാത്യു മകാരപ്രസംഗം തുടങ്ങിയത്. ആദ്യം എഴുതിപ്പഠിച്ചായിരുന്നു അവതരണം. ഇന്ന് ഏത് വിഷയം പറഞ്ഞാലും മത്തായി  മായിൽ വാക്കുകളുടെ വെടിക്കെട്ട് തീർക്കും. 1997-ൽ ഡൽഹി ഗുഡ്ഗാവിൽ അഞ്ച് മണിക്കൂർ മകാരപ്രസംഗം നടത്തി കൗതുകപ്രസംഗത്തിനുള്ള ലോക റെക്കോഡ് കുറിച്ചിട്ടുണ്ട് മത്തായി. ഏത് വിഷയത്തിലും പ്രസംഗിക്കാൻ കഴിവുള്ള പണ്ഡിതർ ഉണ്ടാകും. എന്നാൽ, ഏത് വിഷയവും ‘മ’യിൽ തുടങ്ങുന്ന വാക്കുകൾ മാത്രമുപയോഗിച്ച് സംസാരിക്കാൻ ഒരുപക്ഷേ മകാരം മത്തായിക്ക് മാത്രമേ കഴിയുകയുള്ളൂ. അഞ്ച് മണിക്കൂർ നിർത്താതെ പ്രസംഗിച്ചാലും തീരാത്ത ‘മ’യുടെ കടലാണ് മത്തായി. 

മറുനാടൻ മേധാവിത്വത്തിൽനിന്ന് മാതൃഭൂമിയെ മോചിപ്പിക്കാനുള്ള മഹാസമരത്തിന്റെ മുന്നണിപ്പോരാളിയായി മാറി മരണത്തിന്റെ മടിത്തട്ടിൽ മലർന്നടിച്ച് മണ്ണോടു മണ്ണായിമാറിയ മഹതീമഹാന്മാരിൽ മറ്റാരെക്കാളും മാനനീയനായ മഹാത്മാവ് മോഹൻദാസെന്ന മഹാത്മജിയാണെന്ന് മാത്യു. മാനവസ്നേഹത്തിന്റെ മാണിക്യമണിവീണ മന്ത്രമധുരമായി മീട്ടി മനുഷ്യമനസ്സുകളിൽ മധുരപ്രതീക്ഷകളുടെ മാരിവില്ലൊളിതൂകി മകരജ്യോതിപോലെ മന്നിൽനിന്നു മിന്നിമറഞ്ഞ് മാനത്ത് മാലാഖയായി മന്ദഹസിക്കുന്ന മഹാരാധ്യയാണ് മദർ തെരേസയെന്ന്‌ അദ്ദേഹം വർണിക്കുന്നു. മൂത്തുമുരടിച്ച മുതലാളിത്തമൂരാച്ചികളുടെ മായാവലയത്തിൽനിന്ന്‌ മുഴുവൻ മർദിതർക്കും മോചനമാർഗമരുളിയ മഹാനായ മാർക്‌സിന്റെ മഹദ്വചനങ്ങളെ മനനം ചെയ്തു മനസ്സിലാക്കിയ മനീഷിമാരിൽ മുഖ്യനാകാനുള്ള മഹാഭാഗ്യമുണ്ടായ മഹാനാണ് ഇ.എം.എസ്. എന്നും മത്തായി പറയുന്നു. 

 മണ്ണിൽ പിറന്നുവീണാൽ മനുഷ്യൻ ആദ്യം കരയുന്നത് ‘മ’ എന്നാണ്. പിന്നീട് ‘അമ്മ’ എന്ന് പറയാൻ തുടങ്ങുമ്പോൾ രണ്ട് ‘മ’കൂട്ടിനെത്തും. അതും കഴിഞ്ഞ് ‘മാമം’ ആവശ്യപ്പെടും. മോനും മോളും ആകും. മാമനും മച്ചാനും മച്ചമ്പിയും മരുമകനും മരുമകളും ആയി വളരും. മണവാളനും മണവാട്ടിയുമാകും. മുത്തച്ഛനും മുത്തശ്ശിയുമായി മണ്ണിൽനിന്ന് മറയുമ്പോഴും മൊഴിയിൽ ‘മ’ മാത്രമാകും. മൗനത്തോടെ മൃതദേഹത്തിന് മുന്നിൽ വന്ന് മൂന്ന് തുള്ളി മിഴിനീർപൊഴിച്ച് മിത്രങ്ങളെല്ലാം മടങ്ങും. മറവിയുടെ മാറാല മൂടും. 

 

മ’യുടെ മലവെള്ളപ്പാച്ചിൽ

വർക്കിയുടെയും ബ്രിഗീതയുടെയും മകനായി 1937-ൽ തൊടുപുഴയിലാണ് മാത്യു ജനിച്ചത്. 1958-ൽ വർക്കി ബാവലിപ്പുഴയ്ക്ക് വടക്ക് പൊയ്യമലയിലേക്ക് കുടിയേറി. പത്താംതരം വരെ തൊടുപുഴയിലാണ് മാത്യു പഠിച്ചത്. അന്നേ നല്ല വായനക്കാരനായിരുന്നു. കൈയിൽ കിട്ടുന്നതെന്തും വായിക്കും. ഇന്ന് എൺപതാം വയസ്സിലും അദ്ദേഹം ആ ശീലം തുടരുന്നു. വായനയാണ് തന്നെ മകാരം മത്തായിയാക്കിയതെന്നും വായിക്കാനായില്ലെങ്കിൽ ശ്വാസംമുട്ടുംപോലെയാണെന്നും അദ്ദേഹം പറയുന്നു. 

 നാടകവും കഥാപ്രസംഗവും സ്വന്തമായി എഴുതി അവതരിപ്പിക്കുന്നത് ചെറുപ്പത്തിലേ മാത്യുവിന്റെ ശീലമായിരുന്നു. രമണൻ, വാഴക്കുല, കരുണ തുടങ്ങിയ കഥാപ്രസംഗങ്ങൾ തൊടുപുഴയിൽ ഉപേക്ഷിച്ചാണ് മാത്യു കേളകത്തെത്തിയത്. എന്നാൽ, നാടകം അദ്ദേഹത്തിനൊപ്പം മലബാറിൽ കുടിയേറി. ‘ഒരു ജീവിതം തകരുന്നു’ എന്ന സാമൂഹിക നാടകവും ‘ഇനി കേരളം നിങ്ങൾക്കില്ല’ എന്ന രാഷ്ട്രീയ നാടകവും മാത്യു എഴുതി സംവിധാനം ചെയ്തു. 

1983-ൽ കൊട്ടിയൂർ മേഖലയിൽ അഞ്ചിടങ്ങളിലായി ഉണ്ടായ ഉരുൾപൊട്ടലാണ് മാത്യുവിന്റെ ജീവിതം മാറ്റി മറിച്ചത്. അമ്പായത്തോട്ടും കണ്ടപ്പുനത്തും പാലുകാച്ചിയിലും നെല്ലിയോടിയിലും പാൽച്ചുരത്തും ഒരേ ദിവസം ഉരുൾപൊട്ടലുണ്ടായപ്പോൾ ആരുമറിയാതെ മാത്യുവിന്റെ ഉള്ളിലും ഒരു ഉരുൾപൊട്ടി- പ്രാസം തുളുമ്പുന്ന കവിതയുടെ ഉരുളായിരുന്നു അത്.

സർവചരാചരസാക്ഷിയാം ഈശ്വരാ, സർവനിയന്താവേ നീ തുണയ്ക്ക, സർവജ്ഞരെന്നൊരു ഗർവം നടിക്കുന്ന, സർവജനങ്ങളോടും ക്ഷമിച്ച്… തുടങ്ങി 40 പുറങ്ങളിൽ എഴുതിയ ആ കവിത ‘കൊട്ടിയൂരിലെ ഉരുൾപൊട്ടൽ’ എന്ന പേരിൽ മാത്യു പുസ്തകമാക്കി. 50 പൈസ നിരക്കിൽ വിൽപ്പനയ്ക്ക് വെച്ച പുസ്തകം അന്ന് ചൂടപ്പംപോലെ വിറ്റുപോയി. അങ്ങനെ മാത്യു കൊട്ടിയൂരുകാരുടെ കവിമാഷായിമാറി. 

തിരുവനന്തപുരത്തുനിന്ന് കൊട്ടിയൂരിലെ ആസ്പത്രിയിലെത്തിയ ഡോ. ബാലകൃഷ്ണനും ആ പുസ്തകം കിട്ടി. അദ്ദേഹം കവിതയെയും കവിയെയും കുറിച്ച് സുഹൃത്തുക്കളായ തിക്കുറിശ്ശി സുകുമാരൻ നായരോടും പ്രേംനസീറിനോടും പറഞ്ഞു. തിക്കുറിശ്ശിയെ കാണാനുള്ള അവസരവും അദ്ദേഹം മാത്യുവിന് ഒരുക്കിക്കൊടുത്തു. കവിതയെയും കവിയെയും കൈവിടാൻ തിക്കുറിശ്ശിക്കായില്ല. മാത്യുവിൽനിന്ന് അതിലും വലുതെന്തോ പ്രതീക്ഷിച്ചെന്നപോലെ അദ്ദേഹത്തെ തിക്കുറിശ്ശി സ്വന്തം വീട്ടിൽ നിർത്തി പഠിപ്പിക്കാൻ തുടങ്ങി. അതിനിടയിൽ ‘കൊട്ടിയൂരിലെ ഉരുൾപൊട്ടൽ’ എന്ന കവിത ‘മാമലയ്ക്ക് മാനഭംഗം’ എന്ന പേരിൽ മാത്യു മാറ്റിയെഴുതി. ‘മ’യിൽ തുടങ്ങുന്ന വാക്കുകൾ രണ്ടായിരം വരികളിൽ ഉരുൾപൊട്ടിയൊഴുകി. അതിലെ തെറ്റുകൾ തിരുത്തി അവതാരികയെഴുതിയ തിക്കുറിശ്ശി 1988-ൽ തിരുവനന്തപുരം വി.ജെ.ടി.ഹാളിൽ വെച്ച് അത് പ്രകാശനം ചെയ്യുന്നതിനും നേതൃത്വം നൽകി. മലബാറിൽനിന്നെത്തിയ ‘പയ്യന്റെ’ കഴിവ് തിരിച്ചറിഞ്ഞ് എന്തെന്നില്ലാത്ത വാത്സല്യത്തോടെ തിക്കുറിശ്ശി മാത്യുവിന്റെ രക്ഷാകർതൃത്വം സ്വയം ഏറ്റെടുക്കുകയായിരുന്നു. ചടങ്ങിൽ ഗാനഗന്ധർവൻ യേശുദാസിൽനിന്ന് ലോകത്തിലെ ആദ്യത്തേതെന്ന് കരുതുന്ന സമ്പൂർണ പ്രഥമാക്ഷരപ്രാസകൃതിയുടെ ആദ്യപ്രതി ഏറ്റുവാങ്ങിയത് തിക്കുറിശ്ശിയായിരുന്നു. അന്ന് തിക്കുറിശ്ശി സദസ്സിന് മാത്യുവിനെ പരിചയപ്പെടുത്തിയത് മകാരം മത്തായി എന്ന പേരിലായിരുന്നു. ‘മ’യിൽ മറുപടിപ്രസംഗം നടത്തണമെന്ന തിക്കുറിശ്ശിയുടെ നിർദേശം ഏറെ ബുദ്ധിമുട്ടിയെങ്കിലും അന്ന് മാത്യു പാലിച്ചു. എന്നാൽ, പിന്നീടങ്ങോട്ട് മാത്യു ‘മ’യുടെ മലവെള്ളപ്പാച്ചിലായി. മകാരം മത്തായിയായി. മോഹൻലാലിന്റെ കല്ല്യാണത്തിന് തിക്കുറിശ്ശിക്കും പ്രേംനസീറിനുമൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചതും ‘മാമലയ്ക്ക് മാനഭംഗ’ത്തിന്റെ പ്രതി അന്ന് നസീറിന് സമ്മാനിച്ചതും മാത്യു ഇന്നലെയെന്നോളം ഓർക്കുന്നു.

മറക്കാനാകാത്ത ഓർമകൾ

തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിലാണ് പ്രഭാഷണകലയുടെ ആചാര്യൻ ഡോ. സുകുമാർ അഴീക്കോടുമായി മകാരം ആദ്യമായി വേദി പങ്കിട്ടത്. മത്തായിയുടെ സിദ്ധി അപാരവും അവിശ്വസനീയവുമാണെന്നായിരുന്നു പ്രസംഗം കേട്ട അഴീക്കോടിന്റെ പ്രതികരണം. ഇതുപോലെ പ്രസംഗിക്കാൻ ഒരു പണ്ഡിതനും കഴിയില്ലെന്നും ഈ കല മത്തായിക്ക് സ്വന്തമാണെന്നും അഴീക്കോട് അടിവരയിട്ടു പറഞ്ഞതും മാത്യുവിന്റെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. 

  ‘മ മൊഴിഞ്ഞ് മൊഴിഞ്ഞ് മത്തായിയുടെ മണ്ടയിലെ മുടിയെല്ലാം മാഞ്ഞല്ലോ’ എന്ന മകാരപ്രയോഗം കൊണ്ടാണ് മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ മാത്യുവിന്റെ മികവിന് സർട്ടിഫിക്കറ്റ് നൽകിയത്. കാഞ്ഞങ്ങാട് ടൗൺ ഹാളിൽ നടന്ന ചടങ്ങിനിടെയായിരുന്നു അത്. 

  ലീഡർ കെ.കരുണാകരനും  ഒരിക്കൽ മത്തായിയുടെ ‘പ്രാസായുധത്തിൽ’ മയങ്ങിവീണിട്ടുണ്ട്. കരുണാകരന്റെ സപ്തതി ആഘോഷച്ചടങ്ങിൽ കവിത അവതരിപ്പിക്കാൻ അവസരം കിട്ടിയപ്പോഴായിരുന്നു അത്. രാഷ്ട്രീയജീവിതവും ഗുരുവായൂരപ്പഭക്തിയും കൂട്ടിപ്പിടിച്ച് രാഷ്ട്രീയഭീഷ്മാചാര്യനാക്കി വർണിച്ചുള്ള കവിതയുടെ അവസാനവരികളാണ് കരുണാകരനെ ശരിക്കും ഹരംകൊള്ളിച്ചത്. ‘കരുണാനിധിയാണ് കൂറുള്ളോർക്കെല്ലാം പക്ഷേ, കാലുവാരികൾക്കങ്ങ് കാലനായ്‌ കലാശിക്കും’ -ഈ വരികൾ കേട്ടതും സദസ്സിൽ ചിരിയുടെയും കൈയടിയുടെയും കൂട്ടപ്പൊരിച്ചിലുയർന്നു. വേദിയിലിരിക്കുകയായിരുന്ന കരുണാകരൻ നിറചിരിയുമായി മാത്യുവിന്റെ അരികിലെത്തി തോളിൽ തട്ടിപ്പറഞ്ഞു: മത്തായീ, അതൊന്നുകൂടി…

   മത്തായി മകാരവുമായി പോകാത്ത ഇടങ്ങൾ ഇന്ത്യയിൽ വിരളമായിരിക്കും. മലയാളി സംഘടനകൾ ഉള്ളിടങ്ങളിലെല്ലാം മത്തായി എത്തിയിട്ടുണ്ട്. രാജ്യത്തിന് പുറത്ത് ഖത്തറിൽ മാത്രമാണ് പോയിട്ടുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് അതിന്  വഴിതെളിച്ചത്. 

  മരുന്നുകളുമായി മഹാമാരിക്കെതിരേ മനക്കരുത്തോടെ മത്സരിച്ചുകൊണ്ട് കേളകം ചുങ്കക്കുന്നിലെ വീട്ടിൽ ഭാര്യ ഏലിക്കുട്ടിക്കൊപ്പം കഴിയുകയാണ് മകാരം മത്തായി. ബഹ്‌റൈനിൽ നഴ്‌സായ മേഴ്‌സി, ബെംഗളൂരുവിൽ വ്യവസായിയായ മനോജ് എന്നിവർ മക്കളാണ്. മകാരത്തിന്റെ ശക്തി മനസ്സിലാകുംമുമ്പേ മക്കൾക്കിട്ട പേരും ‘മ’യിൽ തുടങ്ങിയതിലെ മായാജാലം മന്നിലിപ്പോഴും മറഞ്ഞിരിക്കുകയാണെന്ന് മത്തായി. മഴയും മഞ്ഞും മലയും മാനവും പോലെ മായാതെ മനസ്സിൽ മുഴുകുകയാണ് മത്തായിയും ‘മ’യും.

മകാരം മത്തായി  9526862818

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap