മഞ്ചേശ്വരത്ത് ഗൂണ്ടാ സംഘം അഴിഞ്ഞാടുന്നു

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് ഗൂണ്ടാസംഘങ്ങളും കവര്‍ച്ചാ സംഘങ്ങളും അഴിഞ്ഞാടുന്നു. യുവാവിനെ കാര്‍ തടഞ്ഞുനിര്‍ത്തി കൂട്ടിക്കൊണ്ടുപോയി തല തല്ലിപ്പൊട്ടിച്ച് കാറും തകര്‍ത്തു. മിയാപദവിലെ അബ്ദുല്‍റഹീ (38)മിനെയാണ് പരുക്കേറ്റ് കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഉപ്പളയില്‍ സ്വിഫ്റ്റ് കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് റഹീമിനെ നാലംഗ സംഘം തടഞ്ഞുനിര്‍ത്തിയത്.

ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ജോഡ്ക്കല്‍ ബടന്തൂരിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും കാറിനകത്ത് വച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്നുമാണ് പരാതി. സംഘത്തിലെ ഒരാള്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് റഹീമിന്‍റെ തലക്കടിക്കുകയായിരുന്നു. കാര്‍ തല്ലിത്തകര്‍ത്ത ശേഷം സംഘം മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നുവത്രെ. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസെത്തിയാണ് റഹീമിനെ ആശുപത്രിയില്‍ എത്തിച്ചത്.

അക്രമിസംഘം പല അക്രമകേസുകളിലും മയക്കുമരുന്നുകേസുകളിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. 15 ദിവസം മുമ്പ് ഒരു യുവാവിനെ തോക്കൂചൂണ്ടി കാറില്‍ തട്ടിക്കൊണ്ടുപോയി കാല്‍ തല്ലിയൊടിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് റഹീമിനെ മര്‍ദ്ദിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.