മഞ്ജു വാര്യരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടത് നടൻ ദിലീപ്: ഹൈബി ഈഡൻ എംപി

ഹിമാചൽ പ്രദേശിലെ ചത്രുവിൽ പ്രളയത്തിൽ കുടുങ്ങിയ നടി മ‍ഞ്ജു വാരിയരെയും സംഘത്തെയും രക്ഷിക്കണമെന്ന് നടൻ ദിലീപാണ് തന്നെ വിളിച്ച് ആവശ്യപ്പെട്ടതെന്ന് ഹൈബി ഈഡൻ എംപി. ഇതേത്തുടർന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചലിലെ എംപിയുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിന് അഭ്യർഥിക്കുകയായിരുന്നെന്ന് ഹൈബി മനോരമ ഓൺലൈനോട് പറഞ്ഞു. ഇതേക്കുറിച്ച് സമൂഹമാധ്യമത്തിലും ഹൈബി പോസ്റ്റിട്ടു.

സമൂഹമാധ്യമത്തിൽ ഹൈബി നൽകിയ പോസ്റ്റിൽ നിന്ന്:

മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തിൽ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരൻ മധു വാര്യരുമായി സാറ്റലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്. നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലിൽ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാർത്ഥിക്കാം.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap