മഞ്ഞിൽമൂടി മറയൂർ, അഞ്ചുനാട് തണുത്തുവിറയ്ക്കുന്നു

പകൽ മുഴുവൻ മഞ്ഞുമൂടി മറയൂർ കാന്തല്ലൂർ മേഖല. തണുത്തുവിറയ്ക്കുന്ന അഞ്ചുനാട് മേഖലയിൽ വാഹനങ്ങൾ പകൽ സമയം പോലും ലൈറ്റുകൾ തെളിച്ചാണ് ഓടുന്നത്‌.  പകൽ, രാത്രി എന്നില്ലാതെ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. 

പകൽസമയത്ത് 15 ഡിഗ്രി സെൽഷ്യസ് മുതൽ 20 ഡിഗ്രി വരെയും  രാത്രി കാന്തല്ലൂരിൽ രണ്ട് ഡിഗ്രി വരെയും മറയൂരിൽ അഞ്ച് ഡിഗ്രി വരെയുമാണ്  താപനില. ശൈത്യകാലത്തെ ഏറ്റവും കൂടിയ തണുപ്പാണ് ഈ വർഷം അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. കാന്തല്ലൂരിൽ ദിവസങ്ങൾക്കുള്ളിൽ പൂജ്യത്തിനു താഴെ താപനില ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌. 

മറയൂർ, കാന്തല്ലൂർ മേഖലയിലേക്ക് ശൈത്യകാലം ആസ്വദിക്കാൻ ധാരാളം വിനോദസഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്. മുറികൾ മുൻകൂട്ടി ബുക്ക്‌ചെയ്‌താണ് ക്രിസ്മസ്–- പുതുവത്സരം ആഘോഷിക്കാൻ വിനോദസഞ്ചാരികൾ ‌എത്തുന്നത്‌. പുതുതായി  ബുക്ക്ചെയ്യാൻ ശ്രമിക്കുന്ന സഞ്ചാരികൾക്ക് മുറികൾ ലഭിക്കാത്ത സാഹചര്യമാണ്.

വിനോദസഞ്ചാരികൾ ശ്രദ്ധിക്കണം

മറയൂർ, കാന്തല്ലൂർ മേഖലയിൽ ശക്തമായ മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. പ്രദേശവാസികൾക്ക് മൂടൽമഞ്ഞിൽ വാഹനമോടിച്ച് പരിചയമുണ്ടെങ്കിലും പുതുതായി എത്തുന്ന സഞ്ചാരികൾ ശ്രദ്ധിച്ച് വാഹനം ഓടിക്കണം.  ലൈറ്റുകൾ തെളിച്ച്‌ വേഗം കുറച്ച് വാഹനം ഓടിച്ചില്ലെങ്കിൽ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണ്. 

Share via
Copy link
Powered by Social Snap