മണി മാര്ക്കറ്റിങ്, നാഗമാണിക്യം, കള്ളനോട്ടടി; സിനിമാക്കഥയ്ക്കും മേലെ നടി സൂര്യയുടെ ജീവിതം

കൊച്ചി: സീരിയൽ നടിയുൾപ്പെട്ട കള്ളനോട്ട് കേസിൽ സിനിമ സീരിയൽ രംഗത്തെ ബന്ധങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. സിനിമ സീരിയൽ മേഖലയിലുള്ള ബിജുവെന്നയാളാണ് കള്ളനോട്ട് സംഘത്തെ സീരിയൽ നടിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. ഒളിവിലുള്ള ഇയാൾക്കായുള്ള തെരച്ചിലിലാണ് അന്വേഷണസംഘമിപ്പോൾ.

ഒരു സിനിമ , സീരിയൽ കഥ പോലെയായിരുന്നു സീരിയൽ നടി സൂര്യയുടെയും കുടുംബത്തിന്റെയും ജീവിതം. സാന്പത്തികമായി നല്ല രീതിയിലുണ്ടായിരുന്ന കുടുംബത്തെ കടക്കെണിയിലാക്കിയത് ആഢംബര ജീവിതവും ദൂര്‍ത്തുമായിരുന്നു. മണി മാര്‍ക്കറ്റിംഗ് ,നാഗ മാണിക്യം പോലുള്ള മാര്‍ഗങ്ങളിലൂടെ എളുപ്പത്തിൽ പണമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ കൈപൊള്ളി. 

വീട് ജപ്തിയുടെ വക്കിലെത്തി. ഇതിൽ നിന്ന് കരകയറാനാണ് കള്ളനോട്ടടിയിലെത്തിയത്. സിനിമ സീരിയൽ സെറ്റുകളിൽ പൂജ കര്‍മ്മങ്ങൾ ചെയ്തിരുന്ന സ്വാമിയെന്ന് വിളിപ്പേരുള്ള ബിജുവെന്നയാളാണ് സൂര്യക്ക് കള്ളനോട്ട് സംഘത്തിലെ പ്രധാനിയായ ലിയോയെ പരിചയപ്പെടുത്തികൊടുക്കുന്നത്. നോട്ടടിക്കുന്ന യന്ത്രവും മറ്റ് സാമഗ്രികളും വാങ്ങാനായി സൂര്യ ലിയോക്ക് ആറ് ലക്ഷം രൂപ കൈമാറി.

കൊല്ലത്തെ ഇവരുടെ വീട്ടിലായിരുന്നു നോട്ടടിക്കൽ. മേൽനോട്ടം വഹിച്ചത് അമ്മ രമാദേവിയും സഹോദരി ശ്രുതിയും. 500 രൂപ നോട്ടായിരുന്നു ആദ്യമടിച്ചത്. ഈ നോട്ട് കൈമാറ്റം ചെയ്യാനുള്ള പ്രയാസം മൂലം 200 രൂപ നോട്ടിലേക്ക് തിരിഞ്ഞു. ആകെ ഏഴ് കോടിയുടെ നോട്ടടിക്കുകയായിരുന്നു ലക്ഷ്യം. ആദ്യ ഘട്ടമായി 57 ലക്ഷം രൂപയടിച്ചു. ഇതിൽ നിന്നുള്ള രണ്ട് ലക്ഷം കൈമാറാനെത്തിയപ്പോഴാണ് ഇടുക്കി അണക്കരയിൽ വച്ച് ലിയോയുൾപ്പടെ മൂന്ന് പേര്‍ പൊലീസിന്റെ പിടിയിലായത്. 

അവരിൽ നിന്ന് അന്വേഷണം സീരിയൽ നടിയിലും കുടുംബത്തിലുമെത്തി. ബിജുവിനായുള്ള തെരച്ചിലിലാണ് അന്വേഷണസംഘം. അയാളെ പിടികൂടിയാൽ മാത്രമേ സിനിമ സീരിയൽ മേഖലയുമായി കള്ളനോട്ട് സംഘത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താനാകൂ. ബിജു സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

രമാദേവിക്ക് ഉന്നതരാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. രാഷ്ട്രീയ രംഘത്തെ ചില പ്രമുഖര്‍ കൊല്ലത്തെ ഇവരുടെ വീട്ടിൽ ഇടയ്ക്ക് എത്താറുണ്ടെന്ന് നാട്ടുകാരിൽ ചിലര്‍ മൊഴി നൽകിയിരുന്നു. കേസിൽ എട്ടോളം പേര്‍ ഇനിയും പിടിയിലാകാനുണ്ട്. വിവിധ സംഘങ്ങളായി ഇവര്‍ക്കായുള്ള തെരച്ചിലിലാണ് പൊലീസ്

Share via
Copy link
Powered by Social Snap