മതത്തെ അപകീര്ത്തിപ്പെടുത്തി; വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെ സംവിധായകന്റെ മുഖത്ത് മഷി എറിഞ്ഞു

ഭോപ്പാലില്‍ ചലച്ചിത്ര നിര്‍മ്മാതാവ് പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന ‘ആശ്രം’ (ആശ്രമം) വെബ് സീരീസിന്‍റെ ചിത്രീകരണത്തിനിടെ തീവ്ര വലത് ഹിന്ദു സംഘടനയായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. സീരീസിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം.സംവിധായകന്‍റെ മുഖത്ത് മഷി എറിഞ്ഞ അക്രമികള്‍ സെറ്റിലുണ്ടായിരുന്ന അണിയറ പ്രവര്‍ത്തകരെയും മര്‍ദിച്ചു. സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളും നശിപ്പിച്ചു. ഞായറാഴ്‌ച ഭോപ്പാലിലെ അരേര ഹില്‍സിലെ ഓള്‍ഡ് ജയില്‍ പരിസരത്ത് വെച്ചായിരുന്നു ആക്രമണം. സീരീസിന്‍റെ മൂന്നാം സീസണിന്‍റെചിത്രീകരണം പുരോഗമിക്കുന്നതിനിടെ സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു.

ഈ സമയം സീരീസിന്‍റെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ബോബി ഡിയോളും സ്ഥലത്തുണ്ടായിരുന്നു. നടനെ കയ്യില്‍ കിട്ടുമെന്നും ആക്രോശിച്ചായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമം നടത്തിയത്. മതത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് സീരിസിന്റെ പേര് എന്ന് ആരോപിച്ച ബജ്‌രംഗ് ദള്‍ പ്രവിശ്യാ കണ്‍വീനര്‍ സുശീല്‍ സീരിസിന്റെ പേര് മാറ്റിയില്ലെങ്കില്‍ ചിത്രീകരണം തുടരാന്‍ അനുവദിക്കില്ലെന്നും റീലീസ് തടയുമെന്നും അറിയിച്ചു.ദേശസ്‌നേഹത്തെക്കുറിച്ച്‌ പ്രകീര്‍ത്തിക്കുന്ന സിനിമകളില്‍ വേഷമിട്ട ബിജെപി എംപിയും സഹോദരനും കൂടിയായ സണ്ണി ഡിയോളിനെ കണ്ട് ബോബി ഡിയോള്‍ പഠിക്കണമെന്നും പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച്‌ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വാഹനം തകര്‍ത്ത സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും ഭോപ്പാല്‍ പൊലീസ് വ്യക്തമാക്കി.

Share via
Copy link
Powered by Social Snap