മഥുരയില്‍ മോസ്കിനുള്ളില്‍ ഹനുമാന് കീര്‍ത്തനവുമായി യുവാക്കള്‍; നാലുപേര്‍ അറസ്റ്റില്‍

മഥുര: ക്ഷേത്രത്തിനുള്ളില്‍ യുവാക്കള്‍ നിസ്കരിച്ചതിന് പിന്നാലെ മോസ്കിനുള്ളില്‍ ഹനുമാന് കീര്‍ത്തനം ആലപിച്ച യുവാക്കള്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ മഥുരയിലെ ഗോവര്‍ധനിലുള്ള മോസ്കിനുള്ളില്‍ കയറിയാണ് യുവാക്കള്‍ ഹനുമാന് കീര്‍ത്തനവും ജയ് ശ്രീറാം വിളികളും മുഴക്കിയത്. മത മൈത്രി കാണിക്കാനാണ് നടപടിയെന്നായിരുന്നു അറസ്റ്റ് ചെയ്യുന്ന സമയത്ത് യുവാക്കളുടെ ന്യായീകരണം.
ഹിന്ദുവിഭാഗത്തില്‍ നിന്നുള്ള നാല് യുവാക്കളാണ് അറസ്റ്റിലായിട്ടുള്ളത്. ഗോവര്ധന് സ്വദേശികളാണ് അറസ്റ്റിലായിട്ടുള്ളത്. സൌരവ്, രാഘവ് മിത്തല്‍, കന്ഹ താക്കൂര്‍, കൃഷ്ണ താക്കൂര്‍ എന്നിവരാണ് അറസ്റ്റിലായത്. സ്ഥലത്തെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളുടെ പേരിലും, രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കാനുള്ള ശ്രമത്തിനുമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആരും നിയമത്തിന് അതീതരല്ലെന്നാണ് മഥുര എസ്എസ്പി ഗൌരവ് ഗ്രോവര്‍ ടൈംസ് നൌവ്വിനോട് വിശദമാക്കി. ക്ഷേത്ര നഗരമായ മഥുരയില്‍ സമാധാനം പുലര്‍ത്തുന്നതിലാണ് അധികാരികളുടെ ശ്രദ്ധയെന്നും എസ്എസ്പി വിശദമാക്കി.