മദ്യപിച്ച് തലയടിച്ച് വീണ് അച്ഛന് മരിച്ചെന്ന് മൊഴി; അന്വേഷണത്തില് തെളിഞ്ഞത് കൊലപാതകം, മകന് അറസ്റ്റില്

പറവൂർ: ചെറിയപ്പിള്ളി കണക്കാട്ടുശേരി വീട്ടിൽ ജലാധരന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ മകൻ രാഹുൽ ദേവിനെ (25) അറസ്റ്റ് ചെയ്തു. മകന്റെ മർദനമേറ്റാണ് ജലാധരൻ കൊല്ലപ്പെട്ടതെന്നും ഇത് മറച്ചുവെച്ചാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. വയറുവേദനയും ഛർദിയും വന്നതിനെ തുടർന്ന് ജലാധരനെ പറവൂരിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടർന്ന് മൂത്ത മകനായ രാഹുൽ ദേവ് പറവൂർ സ്റ്റേഷനിലെത്തി അച്ഛൻ മദ്യപിച്ച് തലയടിച്ചുവീണെന്നും അതുമൂലമാണ് മരണം സംഭവിച്ചതെന്നും പറഞ്ഞു. എന്നാൽ മരണത്തിൽ സംശയമുണ്ടായതിനെ തുടർന്ന് ജില്ലാ പോലിസ് മേധാവി കെ.കാർത്തിക് ഐ.പി.എസിന്റെ നിർദേശാനുസരണം അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കളമശേരി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ അടിവയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്ന് കണ്ടെത്തി. വീട്ടിൽ അച്ഛനും മക്കളും മദ്യപിച്ച് അടിപിടി കൂടാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് രാഹുൽ ദേവിന്റെ ആക്രമണത്തിലാണ് പിതാവ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്.

ആലുവ ഡി.വൈ.എസ്.പി. ജി.വേണു, നോർത്ത് പറവൂർ ഇൻസ്പെക്ടർ ഷോജോ വർഗീസ്, സബ് ഇൻസ്പെക്ടർമാരായ അരുൺദേവ് ,ജോൺസൻ ജയകുമാർ, അസി: സബ് ഇൻസ്പെക്ടർമാരായ മനോജ്, ബിജു, സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ സുരേഷ് ബാബു, റെജി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Share via
Copy link
Powered by Social Snap