മദ്യലഹരിയില് എസ്ഐയുടെ കാറോട്ടം; യുവതിക്ക് പരിക്ക്, കാലുറയ്ക്കാത്ത എസ്ഐയെ തടഞ്ഞ് വച്ച് നാട്ടുകാര്

വയനാട്: മദ്യപിച്ച് കാറോടിച്ച് അപകമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിച്ചു. കല്‍പ്പറ്റ കേണിച്ചിറ സ്റ്റേഷനിലെ മുന്‍ എസ്ഐയും ഇപ്പോള്‍ തിരുവമ്പാടി സ്റ്റേഷനിലെ പൊലീസ് ഇന്‍സ്‌പെക്ടറായ ഷാജു ജോസഫിനെയാണ് നാട്ടുകാര്‍ തടഞ്ഞ് വച്ചത്. ഷാജു ഓടിച്ച വാഹനമിടിച്ച് ബൈക്ക് യാത്രികയായ യുവതിക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച വൈകുന്നേരമാണ് എസ്ഐ   ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രികയായ യുവതിക്ക് പരിക്കേറ്റത്. സുല്‍ത്താന്‍ബത്തേരി തോട്ടുമ്മല്‍ ഇര്‍ഷാദിന്റെ ഭാര്യ റഹിയാനത്തിനാണ് പരിക്കേറ്റത്. അപകടം ഉണ്ടായ ഉടനെ കാറില്‍ നിന്നും പുറത്തിറങ്ങിയ ഷാജുവിനെ മദ്യലഹരിയില്‍ കാലുറക്കാത്ത നിലയിലാണ് കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു.

സംഭവസ്ഥലത്ത് നിന്ന് ഓട്ടോറിക്ഷയില്‍ എസ്ഐ രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ തടഞ്ഞുവെച്ചു.  തുടര്‍ന്ന് കേണിച്ചിറ പൊലീസ് എത്തി ഇദ്ദേഹത്തെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. വൈദ്യപരിശോധനക്ക് ശേഷം ഷാജുവിന്‍റെ പേരില്‍ പൊലീസ് കേസെടുത്തു. ബത്തേരി ഭാഗത്ത് നിന്ന് കാറില്‍ വരികയായിരുന്നു ഷാജു. അപകടത്തില്‍ പരിക്കേറ്റ് ആദ്യം കേണിച്ചിറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ റഹിയാനത്തിനെ പിന്നീട് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share via
Copy link
Powered by Social Snap