മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി; രക്ഷപെടാൻ ശ്രമിച്ച പിതാവിന് ഗുരുതര പരിക്ക്

കോട്ടയം: മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കാർത്തിക ഭവനിൽ സുജാതയെ (72)യാണ് ശനിയാഴ്ച വൈകിട്ട് മകൻ ബിജു (52) വെട്ടുകത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. മകന്റെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പിതാവ് തമ്പി(74)യെ ബിജു  ചുറ്റിക കൊണ്ട് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.  സംഭവം കണ്ട അയൽവാസിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.

മകന്റെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സുജാതയെയും തമ്പിയേയും നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സുജാത മരിച്ചു. തമ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുജാതയുടെ മൃതദേഹത്തിൽ വെട്ടുകത്തി കൊണ്ടുള്ള മുറിവും തലയിൽ നീരുമുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സ്വത്ത് തർക്കത്തെ തുടർന്ന് മദ്യ ലഹരിയിൽ ബിജു വീട്ടിൽ സ്ഥിരം വഴക്ക് ഉണ്ടാക്കിയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വിവരമറിഞ്ഞെത്തിയ വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്റ്റർ എം.ജെ അരുൺ പ്രതിയായ ബിജുവിനെ കസ്റ്റഡിയിലെടുത്തു. വെസ്റ്റ് എസ്.ഐ റ്റി. ശ്രീജിത്ത്, സി.ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Share via
Copy link
Powered by Social Snap