മന്ത്രവാദ ചികിത്സ; പതിനൊന്ന് വയസ്സുകാരിയുടെ മരണത്തിന്റെ ചുരുളഴിക്കാന് പൊലീസ്

കണ്ണൂര്‍ നാലു വയലില്‍ പനി ബാധിച്ച് പതിനൊന്ന് വയസ്സുകാരി മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി പൊലീസ്. പതിനൊന്ന് വയസ്സുകാരി മരിച്ച സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കുമെന്നും കുടുംബത്തിലെ മറ്റ് മരണങ്ങളും അന്വേഷിക്കുമെന്നും മന്ത്രവാദ ചികിത്സ നടത്തിയ ഇമാമിനെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

ഹിദായത്ത് വീട്ടില്‍ ഫാത്തിമയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്നും മന്ത്രവാദ ചികിത്സ കാരണാണ് കുട്ടി മരിച്ചതെന്നും നാട്ടുകാര്‍ നേരത്തെ ആരോപിച്ചിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് 11 വയസ്സുകാരി ഫാത്തിമ മരിച്ചത്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പനി ബാധിച്ച കുട്ടിക്ക് ചികിത്സ നല്കിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മന്ത്രവാദ ചികിത്സയാണ് കുട്ടിക്ക് നല്‍കിയതെന്നും നേരത്തെയും ഈ കുടുംബത്തില്‍ അഞ്ചോളം പേര്‍ സമാന രീതിയില്‍ മരിച്ചിട്ടുണ്ടെന്നും കുട്ടിയുടെ കുടുംബാംഗം കൂടിയായ സിറാജ് പടിക്കല്‍ പറഞ്ഞു.

അന്ധവിശ്വാസം പ്രചരിപ്പിക്കുകയും മന്ത്രവാദ ചികിത്സ നടത്തി ആളുകളുടെ ജീവന്‍ എടുക്കുകയും ചെയ്യുന്നവര്‍ക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റും കെ എന്‍ എം സിറ്റി ശാഖാ സെക്രട്ടറിയുമായ കെ വി സലീം ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ മരണത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുക്കുകയായിരുന്നു.

Share via
Copy link
Powered by Social Snap